എറണാകുളം: പാനൂരിലെ മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂർ വധക്കേസിലെ പത്ത് പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കർശന ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം നൽകിയത്. പ്രതികൾ കണ്ണൂർ ജില്ലയിൽ പ്രവേശിക്കരുത്, സംസ്ഥാനം വിട്ട് പോകരുത്, സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയവയാണ് പ്രധാന ഉപാധികൾ.
അതേസമയം പ്രതികൾക്ക് ജില്ലയിലെ വിചാരണ കോടതിയിൽ എത്താൻ ഹൈക്കോടതി അനുമതി നൽകിയിട്ടുണ്ട്. അന്വേഷണമായി ഇതുവരെ സഹകരിച്ചിട്ടുണ്ടെന്നും കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട സാഹചര്യവുമില്ലെന്ന പ്രതികളുടെ വാദം അംഗീകരിച്ചാണ് കോടതി ജാമ്യം നൽകിയത്. പ്രതികളെല്ലാം സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകരാണ്. നിയമസഭ തെരെഞ്ഞെടുപ്പിന് പിന്നാലെയായിരുന്നു പാനൂർ പുല്ലൂക്കര മുക്കിൽ പീടികയിൽ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറും സഹോദരൻ മുഹ്സിനും ആക്രമിക്കപ്പെട്ടത്.
ബോംബേറിൽ ഇടത് കാൽമുട്ടിന് ഗുരുതരമായി പരിക്കേറ്റ മൻസൂറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പൊലീസ് കണ്ടെത്തല്‍. വോട്ടിങ് ദിനത്തിൽ പോളിങ് ബൂത്തിൽ തുടങ്ങിയ സംഘർഷമായിരുന്നു കൊലപാതകത്തിൽ കലാശിച്ചത്.
READ MORE: മൻസൂർ വധം; പ്രധാനിയെന്ന് കരുതുന്ന ഡിവൈഎഫ്‌ഐ നേതാവ് കീഴടങ്ങി