എറണാകുളം: ദന്തല്‍ വിദ്യാര്‍ഥി മാനസയെ കൊലപ്പെടുത്തിയ രഖിലിന് തോക്ക് നൽകിയ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. ബിഹാർ സ്വദേശികളായ സോനു കുമാർ മോദി, മനേഷ് കുമാർ വർമ്മ എന്നിവരെ കോതമംഗലം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഹാജരാക്കുക. ഇരുവരെയും പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെടും.
പ്രതികളെ ഞായറാഴ്‌ച ബിഹാറിൽ നിന്ന് വിമാന മാർഗം കൊച്ചിയിലെത്തിച്ചിരുന്നു. കേസിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും പൊലീസ് പരിശോധിക്കും.
വഴിത്തിരിവായി ദൃശ്യങ്ങള്‍
രഖിൽ ബിഹാറിലെ മുൻഗറിലെത്തിയാണ് സോനു കുമാർ മോദിയിൽ നിന്ന് തോക്ക് വാങ്ങിയത്. പാട്‌നയിൽ നിന്നും ഇടനിലക്കാരനും ടാക്‌സി ഡ്രൈവറുമായ മനേഷ് കുമാറായിരുന്നു രഖിലിനെ മുൻഗറിലെത്തിച്ചത്. ഇവിടെ വെച്ച് ഇവർ തന്നെ തോക്ക് ഉപയോഗിക്കുന്നതിന് ഒരു ദിവസത്തെ പരിശീലനവും നൽകി.
പ്രതികളോടൊപ്പം രഖിൽ പാട്‌നയിൽ നിന്ന് മുൻഗറിലേക്ക് പോകുന്നതിന്‍റെയും മനേഷ് തോക്ക് ഉപയോഗിക്കുന്നതിന് രഖിലിന് പരിശീലനം നൽകുന്നതിന്‍റെയും ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. തോക്ക് വാങ്ങാൻ ഇടനിലക്കാരനായ മനേഷ് കുമാറിന്‍റെ കാറിലാണ് സംഘം യാത്ര ചെയ്‌തത്. ഇയാളുടെ ഫോണിൽ നിന്നാണ് ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചത്.
പ്രതികളെ കഴിഞ്ഞ ശനിയാഴ്‌ചയാണ് പൊലീസ് പിടികൂടിയത്. ബിഹാർ പൊലീസിന്‍റെ സഹായത്തോടെ രണ്ടു ദിവസം നടത്തിയ തിരച്ചിലിനൊടുവിലാണ് പ്രതികൾ പിടിയിലായത്.
കോതമംഗലം ഇന്ദിരാ ഗാന്ധി ഡെന്‍റല്‍ കോളജിലെ വിദ്യാർഥിയായ മാനസയെ കൊലപ്പെടുത്തിയ രഖിലും സ്വയം നിറയൊഴിച്ച് മരിച്ചിരുന്നു. എന്നാൽ പ്രതി ഉപയോഗിച്ച തോക്ക് എവിടെ നിന്ന് ലഭിച്ചുവെന്ന് കണ്ടെത്തുകയായിരുന്നു പൊലീസിന്‍റെ പ്രാഥമിക അന്വേഷണം. ബിഹാറിൽ നിന്നും തോക്ക് നൽകിയ ആളും ഇടനിലക്കാരനും പിടിയിലായതോടെ അന്വേഷണത്തിൽ നിർണായക പുരോഗതിയാണുണ്ടായത്.
നാടിനെ നടുക്കിയ കൊലപാതകം
കഴിഞ്ഞ ജൂലൈ മുപ്പതിന് വൈകുന്നേരമായിരുന്ന നാടിനെ നടുക്കിയ കൊലപാതകം നടന്നത്. കണ്ണൂർ നാറാത്ത് രണ്ടാം മൈൽ സ്വദേശിയായ മാനസയെ തലശ്ശേരി സ്വദേശി രഖിൽ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം സ്വയം നിറയൊഴിച്ചു ആത്മഹത്യ ചെയ്യുകയായിരുന്നു.
കോതമംഗലത്ത് ഡെന്‍റല്‍ കോളജിന് സമീപം മാനസ താമസിച്ചിരുന്ന വാടക വീട്ടിലേക്ക് അതിക്രമിച്ച് കയറിയാണ് രഖിൽ വെടിവച്ചത്. സുഹൃത്തുക്കളോടൊപ്പം താമസസ്ഥലത്ത് ഭക്ഷണം കഴിക്കുകയായിരുന്ന മാനസയെ തൊട്ടടുത്ത മുറിയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയാണ് കൊല നടത്തിയത്.
നേരത്തെ പ്രണയത്തിലായിരുന്ന ഇരുവരും പിന്നീട് വേർപിരിഞ്ഞിരുന്നു. ഇതിന് ശേഷവും ശല്യം ചെയ്‌തതോടെ രഖിലിനെതിരെ മാനസ പൊലീസിൽ പരാതി നൽകിയിരുന്നു. ഈയൊരു വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് കണ്ടെത്തിയത്.
Read more: മാനസയുടെ കൊലപാതകം : രഖിൽ തോക്ക് വാങ്ങാന്‍ പോകുന്ന ദൃശ്യങ്ങൾ പുറത്ത്