എറണാകുളം: നെടുമ്പാശ്ശേരി അത്താണിയിൽ ബാറിനു മുന്നിൽ നാട്ടുകാർ നോക്കിനിൽക്കെ കാറിലെത്തിയ മൂന്നംഗ സംഘം യുവാവിനെ വെട്ടി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളെ തിരിച്ചറിഞ്ഞു. നെടുമ്പാശ്ശേരി തുരുത്തിശ്ശേരി വല്ലത്തുകാരൻ വീട്ടിൽ ബിനോയിയാണ് ഇന്നലെ രാത്രി എട്ട് മണിയോടെ മരിച്ചത്. പ്രതികളെ പിടികൂടുന്നതിന് മൂന്ന് സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം ആരംഭിച്ചതായി എറണാകുളം റൂറൽ എസ്പി കെ കാർത്തിക് പറഞ്ഞു.
റോഡരികിൽ നിന്നിരുന്ന ബിനോയിയുടെ തലയിലാണ് വെട്ടേറ്റത്. സംഭവസ്ഥലത്തുതന്നെ മരിച്ച ബിനോയിയുടെ മൃതദേഹം ആലുവ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.ഗുണ്ടകൾക്കിടയിലെ കുടിപ്പകയാണ് കൊലപാതകത്തിന് കാരണമെന്നും കൊല്ലപ്പെട്ട ബിനോയ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നും എറണാകുളം റൂറൽ എസ്പി കാർത്തിക് അറിയിച്ചു.മൃതദേഹം ഇപ്പോഴും ആലുവ താലൂക്ക് ആശുപത്രി മോർച്ചറിയിൽ പോസ്റ്റ്മോർട്ടത്തിനായി സൂക്ഷിച്ചിരിക്കുകയാണ്.