എറണാകുളം: 'കാൻസർ രോഗികൾക്ക് പച്ചക്കറി സൗജന്യം'... എറണാകുളം കലൂരില്‍ വെജ് പീപ്പിൾ എന്ന് പേരുള്ള പച്ചക്കറിക്കടയിലെത്തുന്നവർ ആദ്യം ശ്രദ്ധിക്കുക ഈ അറിയിപ്പായിരിക്കും. ആലുവ സ്വദേശി ജെഫി സേവ്യറാണ് അര്‍ബുദ രോഗികള്‍ക്കായി പച്ചക്കറികള്‍ സൗജന്യമായി നല്‍കുന്നത്. ആഴ്‌ചയിലൊരിക്കലാണ് സൗജന്യ പച്ചക്കറി കിറ്റ് വിതരണം.
കലൂരിന് പുറമേ ആലുവ, പുളിഞ്ചോട്, അങ്കമാലി, വൈറ്റില എന്നിവിടങ്ങളിലും പച്ചക്കറി കിറ്റ് സൗജന്യമായി നല്‍കുന്നുണ്ട്. അഞ്ച് വർഷം മുമ്പത്തെ ഒരു കാഴ്‌ചയാണ് നന്മ നിറഞ്ഞ ഈ പ്രവൃത്തി നിര്‍വഹിക്കാന്‍ ജെഫിക്ക് പ്രചോദനമായത്. ഒരു രാത്രി പുളിഞ്ചോടുള്ള പച്ചക്കറിക്കടയ്ക്ക് മുന്നിൽ നില്‍ക്കുകയായിരുന്നു ജെഫി.
കടയ്ക്ക് സമീപം കൂട്ടിയിട്ടിരിക്കുന്ന അവശിഷ്‌ടങ്ങൾക്കിടയിൽ നിന്നും ഒരാള്‍ പച്ചക്കറി ശേഖരിക്കുന്നു. തന്‍റെ ഭാര്യയ്ക്ക് അര്‍ബുദമാണെന്നും സാമ്പത്തിക ബുദ്ധിമുട്ട് മൂലമാണ് പച്ചക്കറി ശേഖരിക്കുന്നതെന്നുമുള്ള ആ മനുഷ്യന്‍റെ മറുപടി ജെഫിയുടെ ഉള്ളുലച്ചു. ആ മനുഷ്യന്‍റെ നിസ്സഹായാവസ്ഥ നേരില്‍ കണ്ടതോടെയാണ് അർബുദ രോഗികൾക്ക് സൗജന്യമായി പച്ചക്കറികൾ വിതരണം ചെയ്യാൻ തീരുമാനിക്കുന്നത്.
ജെഫിയുടെ കലൂരിലെ പച്ചക്കറിക്കടയിൽ നിന്ന് മാത്രം ഇരുന്നൂറോളം അർബുദ രോഗികൾ ആഴ്‌ചയിലൊരിക്കല്‍ പച്ചക്കറി കിറ്റുകൾ വാങ്ങുന്നുണ്ട്. ലോക്‌ഡൗൺ കാലത്തും ജെഫി പച്ചക്കറി വിതരണത്തിന് മുടക്കം വരുത്തിയില്ല. പ്രമുഖ കാന്‍സര്‍ രോഗ വിദഗ്‌ധനായ ഡോ. വി.പി ഗംഗാധരൻ നേരിട്ടെത്തി ജെഫിയുടെ ഈ മാതൃകാപരമായ പ്രവൃത്തിയെ അഭിനന്ദിച്ചിരുന്നു.