എറണാകുളം: അവതാരകയെ അപമാനിച്ചെന്ന പരാതിയിയിൻ ശ്രീനാഥ് ഭാസിയെ നിർമാതാക്കളുടെ സംഘടന വിലക്കിയതിനെതിരെ മമ്മൂട്ടി. വിലക്ക് പാടില്ലെന്നും തൊഴിൽ നിഷേധം തെറ്റാണെന്നും മമ്മൂട്ടി പറഞ്ഞു. 'റോഷാക്ക്' എന്ന ചിത്രത്തിന്‍റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടത്തിയ വാർത്ത സമ്മേളനത്തിലാണ് താരത്തിന്‍റെ പ്രതികരണം.
അതേസമയം മമ്മൂട്ടിയുടെ പ്രസ്‌താവനയ്ക്ക് പിന്നാലെ ശ്രീനാഥ് ഭാസിക്കെതിരായ താല്ക്കാലിക വിലക്ക് തുടരുമെന്ന് നിർമ്മാതാക്കളുടെ സംഘടന അറിയിച്ചു. താരത്തിന്‍റെ വിലക്ക് പിൻവലിച്ചിട്ടില്ല. നടനെതിരെ നേരത്തേയും ഇത്തരത്തിലുള്ള പരാതികൾ ലഭിച്ചിട്ടുണ്ടെന്നും വിലക്ക് നിലനില്‍ക്കുന്നതായും അസോസിയേഷൻ വ്യക്തമാക്കി.
ചട്ടമ്പി എന്ന സിനിമയുടെ പ്രൊമോഷന്‍റെ ഭാഗമായി കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ നടന്ന അഭിമുഖത്തില്‍ അവതാരകയെ അസഭ്യം പറഞ്ഞു എന്ന പരാതിയെത്തുടർന്നാണ് ശ്രീനാഥ് ഭാസിയെ നിർമ്മാതാക്കളുടെ സംഘടന ആറ് മാസത്തേക്ക് വിലക്കിയത്. സംഭവത്തിൽ അവതാരക അസോസിയേഷനും പൊലീസിനും വനിത കമ്മിഷനും പരാതി നൽകിയിരുന്നു.
തുടർന്ന് പരാതിക്കാരിയുടെയും സാക്ഷികളുടെയും മൊഴി രേഖപ്പെടുത്തുകയും ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്ത ശേഷം താരത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും വിളിച്ചു വരുത്തി അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്യുകയായിരുന്നു. എന്നാൽ ഭാസി മാപ്പ് പറഞ്ഞതിനെ തുടർന്ന് പരാതിക്കാരി പരാതി പിൻവലിക്കുയും കേസ് ഒത്തുതീർക്കുകയും ചെയ്തിരുന്നു.