ലോക്സഭാ തെരഞ്ഞെടുപ്പിലെ വിജയത്തിൽ നരേന്ദ്രമോദിയ്ക്ക് അഭിനന്ദനമറിയിച്ച് ഫേസ്ബുക്കിൽ മേജർ രവി പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ വിമർശനവുമായി സൈബർ ലോകം. മേജർ രവിയുടെ അഭിനന്ദനം അഭിനയമായിരുന്നുവെന്ന ആക്ഷേപവുമായി നിരവധിപേർ രംഗത്തെത്തി.
'പ്രതിപക്ഷം ആരോപിക്കുന്നത് പോലെ കഴിഞ്ഞ അഞ്ചുവർഷത്തിനിടെ രാജ്യത്ത് വർഗീയ സംഘർഷങ്ങൾ ഉണ്ടായിട്ടില്ലെന്ന് എനിക്ക് ഉറപ്പുണ്ട്, മോദി ജി രാജ്യത്തിന് വേണ്ടി നല്ലത് ചെയ്യും. നമ്മുടെ രാജ്യം ആ കൈകളിൽ സുരക്ഷിതമായിരിക്കും. മോദി ജിയ്ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ, ജയ് ഹിന്ദ്’ എന്നായിരുന്നു ഫേസ്ബുക്കിൽ മേജർ രവി കുറിച്ചത്. എന്നാൽ പോസ്റ്റനിന് വിമർശനവുമായി നിരവധിപേരാണ് കമന്‍റുമായി രംഗത്തെത്തിയത്.
2002 ൽ ഗുജറാത്തിൽ അരങ്ങേറിയ വർഗീയ കലാപത്തെയും കൂട്ടക്കൊലയെയും പരാമർശിച്ച് ഒരാൾ പോസ്റ്റിന് കമന്‍റിട്ടു. കമന്‍റിന് മറുപടിയുമായി ' തെളിവ് കാണിക്കൂ. മോദി എന്നത് തന്‍റെ വ്യക്തപരമായ ഇഷ്ടമാണ് മറ്റുള്ളവരുടെയും. തെരഞ്ഞടുപ്പിൽ മോദി വീണ്ടും ജയിച്ചത് ജനങ്ങൾക്ക് അദ്ദേഹത്തെ അറിയാവുന്നത് കൊണ്ടാണെന്നും' മേജർ രവി കൂട്ടിച്ചേർത്തു.
എറണാകുളം എൽഡിഎഫ് സ്ഥാനാർഥി പി രാജീവിന് വേണ്ടി വോട്ട് അഭ്യർഥിച്ച് രംഗത്ത് വന്നതിനെതിരെയും വിമർശനങ്ങൾ ഉയർന്നു. പി രാജീവിന് വേണ്ടി വോട്ടഭ്യർഥിച്ച് വേദികളിലെത്തി, ഒടുവിൽ ഫലം വന്നപ്പോൾ മോദി നല്ലവനായി. ഈ നാടകങ്ങൾ ഒഴിവാക്കിക്കൂടെ എന്നുള്ള ഒരു യുവാവിന്‍റെ കമന്‍റിന് 'രാജീവ് തന്‍റെ സുഹൃത്താണ്. എന്നെ പരിപാടിക്ക് ക്ഷണിച്ചു. അതുകൊണ്ട് ഞാൻ പോയി. എനിക്ക് എല്ലാ പാര്‍ട്ടിയിലും സുഹൃത്തുക്കളുണ്ട്. അതിനര്‍ഥം ഞാന്‍ ഒരു പ്രത്യേക പാര്‍ട്ടിയെ പിന്തുണക്കുന്ന വ്യക്തിയാണ് എന്നല്ല. മോദി എന്‍റെ വ്യക്തിപരമായ ഇഷ്ടമാണ്. എന്നും ഞാന്‍ അദ്ദേഹത്തിന്റെ പിന്‍ഗാമി ആയിരിക്കും. ഇത് എന്‍റെ അഭിപ്രായമാണ്.' മേജര്‍ രവി കുറിച്ചു.