എറണാകുളം: കോതമംഗലം കവളങ്ങാട് പഞ്ചായത്തിലെ യു.ഡി.എഫ് ഭരണസമിതിക്കെതിരെ അഴിമതി ആരോപണവുമായി ലോക് താന്ത്രിക് ജനതാദൾ രംഗത്ത്. കഴിഞ്ഞ നാലര വർഷമായി യു.ഡി.എഫ് എല്ലാ മേഖലയിലും അഴിമതി നടത്തുകയാണെന്ന് ആരോപിച്ച് എല്‍.ജെ.ഡി പഞ്ചായത്തിന് മുന്നില്‍ ധര്‍ണ നടത്തി. ലക്ഷക്കണക്കിന് രൂപയുടെ പട്ടികജാതി വ്യക്തി ആനുകൂല്യ ഫണ്ട് ഒരു രൂപ പോലും ഫലപ്രദമായി ഉപയോഗിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് പ്രതിഷേധക്കാര്‍ പറയുന്നു.
കുടിവെളള വിതരണത്തിലും വ്യാപക ക്രമക്കേടുണ്ടായിട്ടുണ്ട്. ഇതില്‍ കരാറുകാരനോട് ബില്ല് പാസാക്കാൻ ഒരു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നും ഇവര്‍ ആരോപിക്കുന്നു. മഴക്കാല പൂര്‍വ ശുചീകരണം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പഞ്ചായത്ത് വീഴ്ച വരുത്തി. പ്രളയം മുന്നില്‍ കണ്ട് പുഴയിലെ ചെളിയും എക്കലും നീക്കിയില്ല. തേങ്കോടിനെ പുത്തൻകുരിശുമായി ബന്ധിപ്പിക്കുന്ന പാലത്തിന് എം.എൽ.എ ഫണ്ടില്‍ നിന്ന് 50 ലക്ഷം രൂപ അനുവദിച്ചിട്ടും പദ്ധതി ആരംഭിച്ചിട്ടില്ലെന്നും സമരക്കാര്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ നാലര വർഷത്തിനുള്ളിൽ അഞ്ചില്‍ കൂടുതൽ സെക്രട്ടറിമാർ പഞ്ചായത്തില്‍ നിന്ന് സ്വയം സ്ഥലം മാറ്റം വാങ്ങുകയോ ലീവെടുത്ത് പോകുകയോ ചെയ്തത് അഴിമതിയിൽ മനം മടുത്താണെന്നും നേതാക്കൾ പറഞ്ഞു. എൽ.ജെ.ഡി കവളങ്ങാട് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്‍റ് പി.കെ.സുബാഷ് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു.