എറണാകുളം: എറണാകുളം ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൻ്റെ പോളിങ് പൂർത്തിയായി. കൊച്ചി കോർപ്പറേഷൻ അറുപത്തിരണ്ടാം ഡിവിഷനിൽ 47.6 ശതമാനം പേർ മാത്രമാണ് വോട്ട് രേഖപ്പെടുത്തിയത്. അതേസമയം ജില്ലയിലെ നഗരസഭ, പഞ്ചായത്ത് വാർഡുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ എൺപത് ശതമാനത്തിൽ കൂടുതൽ പേർ വോട്ട് രേഖപ്പെടുത്തി.
ബി.ജെ.പി കൗൺസിലറുടെ മരണത്തെ തുടർന്നായിരുന്നു കോർപ്പറേഷൻ അറുപത്തിരണ്ടാം ഡിവിഷനിലേക്ക് തെരെഞ്ഞെടുപ്പ് നടന്നത്. കോൺഗ്രസിൽ നിന്നും ബി.ജെ.പി പിടിച്ചെടുത്ത വാർഡ് തിരിച്ച് പിടിക്കാൻ കോൺഗ്രസും, സീറ്റ് നിലനിർത്താൻ ബി.ജെ.പിയും മത്സരിച്ചെങ്കിലും പോളിങിൽ ഇത് പ്രതിഫലിച്ചില്ല.
തൃപ്പൂണിത്തുറ നഗരസഭയിലെ രണ്ട് വാർഡുകൾ, കുന്നത്തുനാട്, വാരപ്പെട്ടി, നെടുമ്പാശ്ശേരി പഞ്ചായത്തുകൾ എന്നിവിടങ്ങളിലെ ഓരോ വാർഡുകളിൽ ആയിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. തൃപ്പൂണിത്തുറ നഗരസഭയിലെ പതിനൊന്നാം വാർഡിൽ (ഇളമനത്തോപ്പ്) 88.24 ശതമാനം പേരും നാൽപ്പത്തിയാറാം വാർഡിൽ (പിഷാരികോവിൽ) 84.24 ശതമാനം പേരും വോട്ട് രേഖപ്പെടുത്തി.
കുന്നത്തുനാട് ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാർഡായ വെമ്പിള്ളിയിൽ 86.15 ശതമാനം, വാരപ്പെട്ടി ഗ്രാമപഞ്ചായത്തിലെ ആറാം വാർഡ് മൈലൂരിൽ 85.74 ശതമാനം, നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്തിലെ പതിനേഴാം വാർഡായ അത്താണി ടൗണിൽ 83.78 ശതമാനം എന്നിങ്ങനെയാണ് പോളിങ് നടന്നത്.
അത്താണി വാർഡിലെ ജയ പരാജയങ്ങളാണ് നെടുമ്പാശ്ശേരി പഞ്ചായത്ത് ഭരണം നിശ്ചയിക്കുക. വോട്ടെണ്ണൽ ഇന്ന് അതാത് പഞ്ചായത്ത്, നഗരസഭ ഓഫീസുകളിൽ നടക്കും.