കണ്ണൂര്‍: കൊവിഡ് രോഗവ്യാപനമുണ്ടായാല്‍ മഹാ വിപത്തായിരിക്കുമെന്നും അതിനാല്‍ രോഗവ്യാപനം പ്രതിരോധിക്കാനുള്ള ദൗത്യത്തില്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് പ്രധാന പങ്കുണ്ടെന്നും വ്യവസായ, കായിക വകുപ്പ് മന്ത്രി ഇ.പി ജയരാജന്‍. കണ്ണൂര്‍ ജില്ലയിലെ ഗ്രാമ പഞ്ചായത്ത്, നഗരസഭാ അധ്യക്ഷന്‍മാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രോഗവ്യാപനം തടഞ്ഞു നിര്‍ത്തുന്നതില്‍ തദ്ദേശസ്ഥാപനങ്ങള്‍ക്കാണ് ഫലപ്രദമായി ഇപെടാന്‍ കഴിയുക. അത് ജാഗ്രതയോടെ നിര്‍വഹിക്കാന്‍ തദ്ദേശസ്ഥാപന അധ്യക്ഷന്‍മാര്‍ നേതൃത്വം നല്‍കണം. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളില്‍ സ്ഥിതി വിനാശകരമായി മാറുമ്പോഴും കേരളത്തില്‍ രോഗമുക്തി നേടുന്നതിലും രോഗവ്യാപനം തടയുന്നതിലും മികച്ച നില കൈവരിക്കാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ട്. ഈ അവസ്ഥ നിലനിര്‍ത്താന്‍ കഴിയണം. ഹോം ക്വാറന്‍റൈനില്‍ ഒരു വീഴ്ചയും പോരായ്മയും ഉണ്ടാകാൻ പാടില്ലെന്നും മന്ത്രി ഇ.പി ജയരാജൻ പറഞ്ഞു.
സംസ്ഥാന അതിര്‍ത്തികളിലെ ജാഗ്രത ഒരു തരത്തിലും ദുര്‍ബലമായിക്കൂടെന്നും അങ്ങനെ വന്നാല്‍ അത് വലിയ വിപത്തിലേക്ക് നയിക്കുമെന്നും മന്ത്രി ഇ പി ജയരാജന്‍ കൂട്ടിച്ചേർത്തു. ഈ ജാഗ്രത ദുര്‍ബലപ്പെടുത്താന്‍ പലരും ശ്രമിക്കുന്നുണ്ട്. പാസ് ഉള്ളവരെയും ഇല്ലാത്തവരെയുമെല്ലാം അതിര്‍ത്തികടത്തിക്കൊണ്ടുവരാന്‍ ചിലര്‍ ശ്രമിക്കുന്നു. നാടിനോടും അവരോടുതന്നെയും ചെയ്യുന്ന കടുംകൈയാണിത്. മറ്റ് ചിലര്‍ ബസുകളിലും മറ്റും ആളുകളെ കൊണ്ട് വന്ന് വഴിയില്‍ ഇറക്കിവിടുന്നതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതെല്ലാം കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ദുര്‍ബലപ്പെടുത്തുന്ന നടപടികളാണ്.
നാലാംഘട്ട ലോക്ക് ഡൗണ്‍ കാലത്തും മതപരമായ ചടങ്ങുകള്‍, ഉത്സവങ്ങള്‍ എന്നിവയുടെ കാര്യത്തില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ തുടരേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കി. വിവാഹം, മരണം തുടങ്ങിയ ചടങ്ങുകളും നിശ്ചിത ആളുകളെ മാത്രം പങ്കെടുപ്പിച്ച് വേണം നടത്താന്‍. സാമൂഹ്യ അകലം പാലിക്കുക, ആള്‍ക്കൂട്ടം ഒഴിവാക്കുക തുടങ്ങിയ നിയന്ത്രണങ്ങള്‍ പാലിച്ചേ മതിയാകൂ. ഇതില്‍ അയവു വരുത്തിയാല്‍ സ്ഥിതി കൈവിട്ടുപോകുന്ന നിലയുണ്ടാകും. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി സുമേഷ്, ജില്ലാ കലക്ടര്‍ ടി.വി സുഭാഷ്, ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്ര, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ നാരായണ നായ്ക്ക് തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.