എറണാകുളം : എറണാകുളം ജില്ലയിലെ പൈങ്ങോട്ടൂർ പഞ്ചായത്ത് ഭരണം യുഡിഎഫിന് നഷ്‌ടമായി. ഇടതുമുന്നണി കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. പ്രസിഡന്‍റിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ വൈസ് പ്രസിഡന്‍റായ ലീഗ് പ്രതിനിധി പിന്തുണച്ചതാണ് യുഡിഎഫിന് തിരിച്ചടിയായത്.
13 വാർഡുകളുള്ള പഞ്ചായത്തിൽ ഇരുമുന്നണികൾക്കും ആറ് വീതം അംഗങ്ങളാണുള്ളത്. കോൺഗ്രസ് വിമതയായി മത്സരിച്ച് ജയിച്ച സ്വതന്ത്ര സിസി ജയ്‌സണെ ഒപ്പം നിർത്തിയാണ് യുഡിഎഫ് ഭരണം പിടിച്ചത്. പിന്തുണ ഉറപ്പാക്കാൻ വിമതയെ പ്രസിഡന്‍റാക്കുകയും ചെയ്‌തിരുന്നു.
ഇതിനിടെയാണ് യുഡിഎഫിനുള്ളിൽ ഭിന്നത രൂക്ഷമായത്. അവസരം പ്രയോജനപ്പെടുത്തി ഇടതുപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവരികയായിരുന്നു. അവിശ്വാസപ്രമേയ വോട്ടെടുപ്പിൽ മുസ്‌ലിംലീഗ് അംഗവും പഞ്ചായത്ത് വൈസ് പ്രസിഡൻ്റുമായ നിസാർ മുഹമ്മദ് യുഡിഎഫിനെതിരെ വോട്ട് ചെയ്‌തു.
മറ്റ് യുഡിഎഫ് അംഗങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നെങ്കിലും അവിശ്വാസം പാസായി. ഇതോടെ യുഡിഎഫിന് പഞ്ചായത്ത് ഭരണം നഷ്‌ടമായി. ഡീൻ കുര്യാക്കോസ് എംപി, മാത്യു കുഴൽനാടൻ എംഎൽഎ തുടങ്ങിയ കോൺഗ്രസ് നേതാക്കളുടെ പഞ്ചായത്തായ പൈങ്ങോട്ടൂർ നഷ്‌ടമായത് കോൺഗ്രസിന് വലിയ ക്ഷീണമാണ്.