എറണാകുളം: കുട്ടമ്പുഴ പഞ്ചായത്തിലെ പന്തപ്ര ആദിവാസി ഊരില്‍ അപകട ഭീഷണി ഉയര്‍ത്തി കൂറ്റൻ മരങ്ങൾ. കുടിലിന്‍റെ വശങ്ങളിൽ നിൽക്കുന്ന വലിയ മരങ്ങള്‍ എപ്പോള്‍ വേണമെങ്കിലും കടപുഴകാമെന്നതിനാല്‍ അറുപതോളം കുടുംബങ്ങളാണ് ഭീതിയിൽ കഴിയുന്നത്.
ഒരു പതിറ്റാണ്ട് മുമ്പ് കാട്ടാന ശല്യത്തെ തുടര്‍ന്നാണ് വാരിയം ആദിവാസി കോളനിയിൽ നിന്ന് വീടും കൃഷിയിടങ്ങളും ഉപേക്ഷിച്ച് പന്തപ്രയിലേയ്ക്ക് ഇവര്‍ താമസം മാറുന്നത്. വാരിയം കണ്‌ഠൻപാറയിലെ പുഴവക്കിൽ കുടിൽ കെട്ടി വർഷങ്ങളോളം ദുരിതജീവിതം അനുഭവിച്ച ശേഷമാണ് പന്തപ്രയിൽ അഭയം തേടിയത്.
പതിനഞ്ച് സെന്‍റ് സ്ഥലം വീട് വെക്കാനും രണ്ട് ഏക്കർ കൃഷി നടത്താനുമാണ് പന്തപ്രയിലെ തേക്ക് പ്ലാന്‍റേഷൻ ഇവർക്ക് വിട്ടു കൊടുത്തത്. വീടുകളുടെ നിർമ്മാണം പൂർത്തിയാകാത്തത്തിനാൽ സർക്കാർ കൊടുത്ത ഭൂമിയിൽ കുടിൽ കെട്ടിയാണ് ഇവർ താമസിച്ചു വരുന്നത്. കുടിലിന്‍റെ വശങ്ങളിൽ നിൽക്കുന്ന വലിയ മരങ്ങളാണ് താമസക്കാർക്ക് ഭീഷണി ആകുന്നത്.
കാറ്റും മഴയും വരുമ്പോൾ കുടിലിനു പുറത്തിറങ്ങി നിൽക്കേണ്ട ഗതികേടാണ്. കാറ്റത്ത് നിരവധി കുടിലുകൾക്ക് മുകളിലേക്ക് മരങ്ങൾ മറിഞ്ഞു വീണിരുന്നു. ആ സമയത്ത് വീടിനുള്ളിൽ ആരും ഇല്ലാതിരുന്നതിനാൽ ആളപായം ഉണ്ടായില്ല. മഴക്കാലം ആരംഭിച്ചതിനാൽ അടിയന്തരമായി കുടിലുകൾക്ക് സമീപം നൂറ് മീറ്ററിനുള്ളിൽ നിൽക്കുന്ന മരങ്ങളെങ്കിലും മുറിച്ചു മാറ്റണമെന്നാണ് ഇവരുടെ ആവശ്യം.
Also read: മൃഗശാല ജീവനക്കാരന്‍റെ മരണം; സംഭവം സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമെന്ന് അധികൃതർ