കവരത്തി: കൊവിഡ് വ്യാപനത്തിന്‍റെ പശ്‌ചാത്തലത്തില്‍ കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന നിര്‍ദേശവുമായി ലക്ഷദ്വീപ് ഭരണകൂടം. അടിയന്തര സാഹചര്യമല്ലാത്ത എല്ലാ യാത്രകളും ഒഴിവാക്കണമെന്ന് ജില്ല കലക്‌ടറുടെ ഉത്തരവില്‍ പറയുന്നു. കേരളത്തില്‍ കൊവിഡ് നിരക്ക് ഉയര്‍ന്ന് നില്‍ക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.
അടിയന്തര സാഹചര്യത്തില്‍ മാത്രം ദ്വീപിന് പുറത്തേക്ക് യാത്ര അനുമതി നല്‍കിയാല്‍ മതിയെന്നും ഭരണകൂടം നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൊച്ചി, കോഴിക്കോട്, മംഗളൂരു എന്നിങ്ങനെ മൂന്ന് പ്രവേശന കവാടമാണ് ലക്ഷദ്വീപിനുള്ളത്.
നിലവില്‍ ലക്ഷദ്വീപില്‍ 40 സജീവ കൊവിഡ് കേസുകളാണുള്ളത്. ദ്വീപിന് പുറത്ത് നിന്ന് വരുന്നവര്‍ക്ക് ഏഴ് ദിവസം ഹോം അല്ലെങ്കില്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റൈന്‍ നിര്‍ബന്ധമാണ്. ക്വാറന്‍റൈന്‍ പൂര്‍ത്തിയാക്കിയതിന് ശേഷം കൊവിഡ് പരിശോധന നടത്തണം.
രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചവര്‍ക്ക് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മൂന്ന് ദിവസം ക്വാറന്‍റൈനിലിരുന്നാല്‍ മതി. ക്വാറന്‍റൈന്‍ പൂര്‍ത്തിയായതിന് ശേഷം പരിശോധന നടത്തണം. ഈ വര്‍ഷം ജനുവരി പകുതി വരെ ദ്വീപില്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്‌തിരുന്നില്ല. ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിന്‍റെ ഭരണ പരിഷ്‌കാരങ്ങളുടെ ഭാഗമായി ക്വാറന്‍റൈനില്‍ ഇളവ് ഏര്‍പ്പെടുത്തിയതോടെയാണ് ദ്വീപില്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്‌തത്.
Also read: എം.പിമാരുടെ യാത്ര തടഞ്ഞ ദ്വീപ് ഭരണകൂടത്തെ വിമര്‍ശിച്ച് ഹൈക്കോടതി