എറണാകുളം: കളമശേരി എച്ച്എംടി ജംഗ്ഷനില്‍ നിന്നും എറണാകുളം മെഡിക്കല്‍ കോളജിലേക്കുള്ള കെഎസ്ആര്‍ടിസി ഷട്ടിൽ ബസ് സര്‍വീസ് ആരംഭിച്ചു. ആദ്യ യാത്രയുടെ ഫ്ലാഗ് ഓഫ് എച്ച്എംടി ജംഗ്ഷനില്‍ ഗതാഗത വകുപ്പ് മന്ത്രി ആന്‍റണി രാജു നിര്‍വഹിച്ചു.
'ഗ്രാമ വണ്ടി' എന്ന പുതിയ സംവിധാനം കെഎസ്ആർടിസി ഏപ്രിൽ മാസം മുതല്‍ ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു. 50 ഇലക്ട്രിക് ബസുകൾ അടുത്ത മാസം സർവീസ് തുടങ്ങും. കൂടുതൽ പ്രദേശങ്ങളിൽ നിന്ന് കളമശേരി മെഡിക്കൽ കോളജിലേക്ക് കെഎസ്ആർടിസി സർവീസുകൾ തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു.
കളമശേരി നിയമസഭ മണ്ഡലത്തിലെ ഗതാഗത സൗകര്യങ്ങൾ വിപുലമാക്കുന്നതിൻ്റെ ഭാഗമായാണ് ബസ് സർവീസ് ആരംഭിച്ചത്. രാവിലെ ഏഴ് മണ് മുതല്‍ ഉച്ചകഴിഞ്ഞ് മൂന്ന് മണി വരെയാണ് ബസ് സര്‍വീസ് ഉണ്ടാവുക. ആവശ്യമെങ്കിൽ സർവീസ് സമയം ക്രമീകരിക്കുമെന്ന് ചടങ്ങിൽ പങ്കെടുത്ത മന്ത്രി പി.രാജീവ് പറഞ്ഞു.
Also Read:പ്രതിദിന രോഗികളുടെ എണ്ണം 5000 കടന്നു ; സംസ്ഥാനത്ത് 305 പേര്‍ക്ക് ഒമിക്രോണ്‍
10 രൂപയാണ് യാത്രാനിരക്കായി നിശ്ചയിച്ചിരിക്കുന്നത്. കളമശേരി മെഡിക്കൽ കോളജ് പിടിഎ ഒരു ലക്ഷം രൂപ സ്പോൺസർ ചെയ്‌തതിനാൽ ആദ്യത്തെ 10,000 പേർക്ക് യാത്ര സൗജന്യമായിരിക്കും. ഇനിയും കൂടുതൽ സംഘടനകളും വ്യക്തികളും സ്പോൺസർ ചെയ്യാൻ തയ്യാറായാൽ പിന്നീടുള്ള യാത്രക്കാർക്കും സൗജന്യം അനുവദിക്കാൻ കഴിയുമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. ഫ്ലാഗ് ഓഫിന് ശേഷം മന്ത്രിമാരായ ആന്‍റണി രാജുവും, പി.രാജീവും കെഎസ്ആർടിസിയുടെ മെഡിക്കൽ കോളജിലേക്കുള്ള കന്നി യാത്രയിൽ പങ്കെടുത്തു.