എറണാകുളം : കെ-സ്വിഫ്‌റ്റിൽ നിയമനടപടികളുമായി മുന്നോട്ടുപോകാൻ സർക്കാരിന് ഹൈക്കോടതിയുടെ അനുമതി. കെ.എസ്.ആർ.ടി.സിയിൽ കെ-സ്വിഫ്‌റ്റ് എന്ന പേരിൽ കമ്പനി രൂപീകരിക്കുന്നത് ചോദ്യം ചെയ്‌ത് വിവിധ യൂണിയനുകളും എംപാനലുകാരെ നിയമിക്കുന്നതിനെതിരെ പി.എസ്.സി റാങ്ക് ഹോൾഡേഴ്‌സും നൽകിയ ഹർജികളിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
നിയമന നടപടികൾക്ക് അനുമതി നൽകിയെങ്കിലും നിയമനങ്ങൾ പൂർണമായും മെറിറ്റ് അടിസ്ഥാനത്തിൽ നടത്തണമെന്നും കോടതി നിർദേശിച്ചു. എംപ്ലോയ്‌മെന്‍റ് എക്സ്ചേഞ്ച് വഴി നിയമനങ്ങൾ നടത്താം. എന്നാൽ എംപാനലുകാർക്ക് പ്രത്യേക പരിഗണനയോ മുൻഗണനയോ നൽകരുതെന്നും കോടതി വ്യക്തമാക്കി.
കമ്പനി രൂപീകരണത്തിനെതിരായ ഹർജികളിൽ അന്തിമ വാദം കേൾക്കുന്ന സമയത്ത് പരിഗണിക്കും. അതേസമയം കെ.എസ്.ആർ.ടി.സിയെ രക്ഷിക്കാനുള്ള അവസാന ശ്രമമാണിതെന്ന് സർക്കാർ കോടതിയെ അറിയിച്ചു.
കമ്പനിക്ക് ഫണ്ട് നൽകാൻ കിഫ്ബി സമ്മതിച്ചിട്ടുണ്ട്. ഇതിനുള്ള നടപടികളുമായി മുന്നോട്ട് പോവുകയാണെന്നും സർക്കാർ വ്യക്തമാക്കി. ഹർജികൾ മാർച്ച് രണ്ടിന് വീണ്ടും പരിഗണിക്കും.