എറണാകുളം: കൊട്ടിയൂർ ബലാത്സംഗക്കേസിൽ ശിക്ഷിക്കപ്പെട്ട വൈദികൻ റോബിൻ വടക്കുംചേരിക്ക് ശിക്ഷയിൽ ഇളവുനൽകി ഹൈക്കോടതി. കീഴ്‌ക്കോടതി വിധിച്ച 20 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും എന്ന ശിക്ഷയാണ് പത്തുവർഷമായി കുറച്ചത്. പോക്സോ കേസും ബലാത്സംഗ വകുപ്പും നിലനിൽക്കുമെന്നും കോടതി അറിയിച്ചു.
വിചാരണക്കോടതി ഉത്തരവ് ചോദ്യം ചെയ്‌ത് റോബിൻ വടക്കുംചേരി നൽകിയ ഹർജിയിലാണ് ശിക്ഷ ഇളവ് പ്രഖ്യാപിച്ച് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടത്. സ്ഥാപനത്തിന്‍റെ മേലധികാരി എന്ന പദവി ദുരുപയോഗം ചെയ്ത് പെണ്‍കുട്ടിയെ പീഡിപ്പിച്ചു എന്ന കുറ്റം ഒഴിവാക്കിയതോടെയാണ് പത്തുവർഷത്തെ തടവുശിക്ഷ ഒഴിവായത്.
നേരത്തെ പെണ്‍കുട്ടിയെ വിവാഹം കഴിക്കാൻ തയ്യാറാണെന്ന് കാണിച്ച് റോബിൻ വടക്കുംചേരി സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഇക്കാര്യത്തിൽ ഇടപെടാൻ കോടതി തയ്യാറായിരുന്നില്ല. ഇതേ ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഇരയെ വിവാഹം കഴിച്ച് ഒത്തുതീർപ്പുകൾ സാധിക്കില്ലെന്നു വ്യക്തമാക്കി ഹർജി തള്ളുകയായിരുന്നു.
പള്ളിമേടയിൽ വെച്ച് പീഡനം, പിന്നാലെ അറസ്റ്റ്
2017 ഫെബ്രുവരി 27 നാണ് കൊട്ടിയൂർ പള്ളി വികാരിയായിരുന്ന റോബിൻ വടക്കുംചേരിയെ പോക്സോ കേസിൽ അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ ജില്ലയിലെ കൊട്ടിയൂര്‍ നീണ്ടുനോക്കി സെന്‍റ് സെബാസ്റ്റ്യൻസ് പള്ളിയിലെ വൈദികനായിരുന്ന റോബിൻ വടക്കുംചേരി 2016 ല്‍ പള്ളിമേടയിൽ വെച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാൽസംഗത്തിന് ഇരയാക്കി ഗര്‍ഭിണിയാക്കി എന്നതായിരുന്നു കേസ്.
പെണ്‍കുട്ടി പ്രസവിക്കുകയും ഇക്കാര്യം പുറത്തു പറയാതിരിക്കാൻ പെണ്‍കുട്ടിയുടെ കുടുംബത്തിന് പണം നൽകുകയും ചെയ്‌തിരുന്നു. എന്നാൽ പെണ്‍കുട്ടിയുടെ അമ്മ പരാതിയുമായി രംഗത്തെത്തുകയായിരുന്നു. എന്നാൽ വിചാരണക്കിടെ പെണ്‍കുട്ടി മൊഴിമാറ്റിയിരുന്നു. ഉഭയകക്ഷി സമ്മത പ്രകാരമാണ് ബന്ധം നടന്നതെന്നും ഈ സമയത്ത് പ്രായപൂർത്തി ആയതാണെന്നുമായിരുന്നു പെണ്‍കുട്ടി കോടതിയിൽ പറഞ്ഞത്.
മൂന്നു വകുപ്പുകളിലായി 60 വർഷം കഠിന തടവാണ് റോബിനു ലഭിച്ചത്. ഒന്നിച്ച് 20 വർഷം തടവ് അനുഭവിക്കണം എന്നായിരുന്നു തലശ്ശേരി പോക്സോ കോടതിയുടെ വിധി. പിഴയടക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഒരു വര്‍ഷം അധിക തടവ് അനുഭവിക്കണമെന്നും കോടതി പറഞ്ഞിരുന്നു.