കോതമംഗലം: കേരളത്തിന്‍റെ വൈദ്യുതി ചരിത്രത്തിലെ ആദ്യകാല സബ് സ്‌റ്റേഷനുകളിലൊന്നായ കോതമംഗലം സബ് സ്റ്റേഷൻ 220 കെവി സബ് സ്റ്റേഷനായതിന്‍റെ ഉദ്ഘാടനം എട്ടാം തിയതി ചൊവ്വാഴ്ച മൂന്ന് മണിക്ക് വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി നിർവഹിക്കും. പള്ളിവാസൽ ജല വൈദ്യുത പദ്ധതിയുടെ ഭാഗമായി 1940 ൽ തിരുവിതാംകൂർ മഹാരാജാവ് സ്ഥാപിച്ച ഈ സബ് സ്റ്റേഷന്‍റെ ശേഷി നിലവിലുണ്ടായിരുന്ന 66 കെവിയിൽ നിന്നും 220 കെവി ആക്കുന്ന പ്രവർത്തിയാണ് പൂർത്തിയായത്. ഫുൾ ഓട്ടോമേഷൻ സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന തരത്തിലാണ് കോതമംഗലം സബ് സ്റ്റേഷന്‍റെ പ്രവർത്തനം സജ്ജമാക്കിയിട്ടുള്ളതെന്ന് എംഎൽഎ ആന്‍റണി ജോൺ പറഞ്ഞു.
വർധിച്ചു വരുന്ന വൈദ്യുതിയുടെ ആവശ്യകതയ്ക്കനുസരിച്ച്, നൂതന ആസൂത്രണ തത്ത്വങ്ങൾ കണക്കിലെടുത്ത്,ആധുനിക സാങ്കേതിക വിദ്യകളും,നവീന ബിസിനസ്സ് മാതൃകകളും,ബദൽ നിർമ്മാണ രീതികളും സമന്വയിപ്പിച്ച്, പ്രകൃതിക്ക് കോട്ടം തട്ടാത്ത വിധത്തിലാണ് സബ് സ്റ്റേഷന്‍റെ ശേഷി വർധിപ്പിക്കുന്ന പദ്ധതി നടപ്പിലാക്കിയത്.
പുതിയ പദ്ധതി പൂർത്തിയായതോടെ ഇടുക്കി, പള്ളിവാസൽ എന്നീ ജലവൈദ്യുത പദ്ധതികളുമായി 220 കെവിയിൽ കണക്ടിവിറ്റിയുണ്ടാകുന്നതോടൊപ്പം കേരളത്തിന്‍റെ പവർ ഇടനാഴിയായ കൊച്ചി - തിരുനെൽവേലി പ്രസരണ ശൃംഖലയുമായി ആലുവ വഴി മറ്റൊരു ശക്തമായ കണക്ടിവിറ്റിയും സ്ഥാപിക്കാനാകും. ഇത് കോതമംഗലത്തേയും,പരിസര പ്രദേശങ്ങളിലേക്കും വൈദ്യുതി വിതരണത്തെ ആകമാനം ശാക്തീകരിക്കുന്നതാണ്.
ആധുനിക സാങ്കേതിക വിദ്യകളുപയോഗിച്ച് തീർത്തും ഓട്ടോമാറ്റിക് സംവിധാനങ്ങളോടുകൂടിയാണ് സബ് സ്റ്റേഷന്‍റെ നിർമ്മാണ പ്രവർത്തികൾ പൂർത്തീകരിച്ചത്. സബ് സ്റ്റേഷന്‍റെ ശേഷി വർധിപ്പിക്കുന്ന പ്രവർത്തിക്കും,അനുബന്ധ ലൈൻ സ്ഥാപിക്കുന്നതിനുമായി കിഫ്ബി വഴി 75 കോടി രൂപയാണ് പദ്ധതിക്കായി വിനിയോഗിച്ചത്.
കോതമംഗലത്തിന് പുറമേ സമീപ പ്രദേശങ്ങളായ പെരുമ്പാവൂർ, മുവാറ്റുപുഴ,നേര്യമംഗലം പ്രദേശങ്ങളിൽ വോൾട്ടേജ് തടസമില്ലാതെ വൈദ്യുതി വിതരണം സാധ്യമാകും. നിലവിലുള്ള 66 കെവി ലൈൻ റൂട്ടുകളിൽ കൂടി പുതിയ ലൈൻ നിർമ്മിച്ചത് കൊണ്ട് ലൈൻ നിർമ്മാണവുമായി ബന്ധപ്പെട്ട് പൊതു ജനങ്ങൾക്കുണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകളും കുറയ്ക്കുവാൻ കഴിഞ്ഞതായും പദ്ധതി പൂർത്തിയായതോടെ കോതമംഗലം എറണാകുളം ജില്ലയിലെ പ്രധാന പവർ ഹബ്ബ് ആയി മാറിയെന്നും ആന്‍റണി ജോൺ എംഎൽഎ പറഞ്ഞു.