എറണാകുളം: കോതമംഗലം പള്ളി തര്‍ക്കക്കേസില്‍ സർക്കാരിനും ജില്ലാ കലക്ടർക്കും എതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. യാക്കോബായ സഭയുടെ കൈവശമുള്ള കോതമംഗലം പള്ളി ഏറ്റെടുത്ത് ഓർത്തഡോക്സ് വിഭാഗത്തിന് കൈമാറണമെന്ന കോടതി വിധി നടപ്പിലാക്കുന്നതിൽ വീഴ്ച വരുത്തിയതാണ് വിമർശനത്തിനിടയാക്കിയത്. ജില്ലാ കലക്ടർ കോടതിയെ കബളിപ്പിക്കുന്നെന്നും പക്ഷപാതപരമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും കോടതി പറഞ്ഞു. എറണാകുളം ജില്ലാ കലക്ടർ ആ സ്ഥാനത്ത് ഇരിക്കാൻ അർഹനല്ലെന്ന പരാമർശവും കോടതി നടത്തി. പള്ളി കൊവിഡ് സെന്‍ററായി പ്രഖ്യാപിച്ചത് ഉത്തരവ് നടപ്പാക്കാതിരിക്കാനാണെന്ന് സംശയിക്കുന്നതായും കോടതി പറഞ്ഞു.
പള്ളി ഏറ്റെടുക്കണമെന്ന ഉത്തരവ് ഒരു വർഷമായിട്ടും സർക്കാർ നടപ്പാക്കിയില്ല. പള്ളിക്കേസിൽ ജില്ലാ ഭരണകൂടം കോടതിയെ കരുവാക്കുകയാണ്. വിധി നടപ്പാക്കാത്തത് രാഷ്ട്രീയ സ്വാധീനത്താലാണെന്ന സംശയവും കോടതി പ്രകടിപ്പിച്ചു. പള്ളി ഏറ്റെടുക്കലിന് അഭിഭാഷക കമ്മിഷനെ നിയോഗിക്കണമെന്ന സർക്കാർ ആവശ്യം കോടതി അംഗീകരിച്ചില്ല. അതേസമയം പള്ളി ഏറ്റെടുക്കുന്നതിനായി കേന്ദ്രസേനയെ വിന്യസിക്കാൻ തയ്യാറാണെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാരിന്‍റെ അഭിപ്രായം കോടതി തേടിയിരുന്നു. പള്ളി ഏറ്റെടുത്തു താക്കോൽ കൈമാറാൻ തയ്യാറാണെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. അതേസമയം പള്ളി ഏറ്റെടുത്ത് ഓർത്തഡോക്സ് സഭയ്ക്ക് കൈമാറാത്തതിനെതിരെയുള്ള കോടതിയലക്ഷ്യ ഹർജി ഹൈക്കോടതി വിധി പറയാനായി മാറ്റി.