എറണാകുളം: കൊടകര കുഴല്‍പ്പണ കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍റെ മകനിലേയ്ക്കും അന്വേഷണം. ധർമ്മരാജനും കെ സുരേന്ദ്രന്‍റെ മകൻ കെ.എസ് ഹരികൃഷ്‌ണനും നിരവധി തവണ ഫോണിൽ ബന്ധപ്പെട്ടെന്ന് പൊലീസ് കണ്ടെത്തി. അന്വേഷണ സംഘം ഹരികൃഷ്‌ണന്‍റെ മൊഴിയെടുക്കും. തെരഞ്ഞെടുപ്പ് സമയത്ത് ഇരുവരും കോന്നിയിൽ കൂടിക്കാഴ്‌ച നടത്തിയെന്നും പൊലീസിന് വിവരം ലഭിച്ചു.
കേസില്‍ നിർണായക തെളിവ് ലഭിച്ചതായും അന്വേഷണസംഘം അറിയിച്ചു. ധർമ്മരാജൻ എത്തിച്ച 9.80 കോടി രൂപയിൽ 6.30 കോടി തൃശൂര്‍ ജില്ലയില്‍ കൈമാറിയെന്ന് പൊലീസ് കണ്ടെത്തി. ഇതില്‍ രണ്ട് കോടി രൂപ തൃശൂര്‍ മണ്ഡലത്തിൽ ചെലവഴിക്കാനായിരുന്നെന്നും പൊലീസ് സ്ഥിരീകരിച്ചു. തൃശൂരില്‍ കൈമാറിയ തുകയിൽ മിച്ചമുള്ള 3.5 കോടി രൂപയാണ് കൊള്ളയടിച്ചത്.
Read more: കുഴലില്‍ കുരുങ്ങി കേരളത്തിലെ താമര, മറുപടിയില്ലാതെ ബിജെപി
കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കെ സുരേന്ദ്രന്‍റെ സെക്രട്ടറി ദിപിനേയും ഡ്രൈവര്‍ ലെബീഷിനേയും അന്വേഷണ സംഘം ചോദ്യം ചെയ്‌തിരുന്നു. അതേസമയം കേസില്‍ സുരേഷ് ഗോപി എംപിയുടെ മൊഴിയെടുക്കും. സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിൽ ധർമ്മരാജനും സംഘവും എത്തിയിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ.