എറണാകുളം: കൊടകര കുഴൽപ്പണ കേസിൽ നിഗൂഢമായ പലതും പുറത്തു വരാനുണ്ടെന്ന് ഹൈക്കോടതി. പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയ ഉത്തരവിലാണ് പരാമർശമുള്ളത്. പണത്തിന്‍റെ ഉറവിടവും ലക്ഷ്യവും കണ്ടെത്തണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.
കേസിലെ ദുരൂഹത
പ്രധാന പ്രതികൾ ഇപ്പോഴും പുറത്തുണ്ട്. സംഭവം നടന്ന് ദിവസങ്ങൾക്ക് ശേഷമാണ് പരാതി നൽകിയത്. ഇത് കേസിലെ ദുരൂഹത വ്യക്തമാക്കുന്നതാണ്. പരാതിയിൽ 25 ലക്ഷം രൂപ നഷ്‌ടമായെന്നാണ് പറയുന്നതെങ്കിലും അന്വേഷണത്തിൽ കണ്ടെത്തിയത് മൂന്നര കോടിയാണ്.
കുഴൽപണം തട്ടിയെടുത്ത സംഭവം മുൻകൂട്ടി നിശ്ചയിച്ച് നടപ്പാക്കിയതാണെന്ന് കരുതാൻ നിരവധി സാഹചര്യങ്ങളുണ്ട്. പണത്തിന്‍റെ സ്രോതസ്, പ്രതികൾ സഞ്ചരിച്ചിരുന്ന വാഹനങ്ങൾ തുടങ്ങിയവ കണ്ടെത്തിയിട്ടില്ല. നിരവധി സാക്ഷികളെ ചോദ്യം ചെയ്യാനുണ്ടെന്നും ഇനിയും പ്രതികളെ പിടികൂടാനുണ്ടെന്നും ജാമ്യപേക്ഷകൾ തള്ളിയ ഉത്തരവിൽ വ്യക്തമാക്കുന്നു.
ജാമ്യപേക്ഷ തള്ളി കോടതി
ഒന്നാം പ്രതി കണ്ണൂർ നിർമലഗിരി സ്വദേശി മുഹമ്മദ് അലി, തൃശ്ശൂര്‍ സ്വദേശികളായ അഞ്ചാം പ്രതി അരീഷ്, ആറാം പ്രതി മാർട്ടിൻ, ഏഴാം പ്രതി ലബീബ്, ഒമ്പതാം പ്രതി വട്ടൂർ ബാബുവെന്ന ബാബു, പത്താം പ്രതി അബ്ദുൾ ഷാഹിദ്, പതിനൊന്നാം പ്രതി ഷുക്കൂർ, പതിനാലാം പ്രതി കണ്ണൂർ ഇരിട്ടി സ്വദേശി റഹിം, പതിനേഴാം പ്രതി പയ്യന്നൂർ സ്വദേശി റൗഫ്, പത്തൊമ്പതാം പ്രതി തൃശ്ശൂര്‍ സ്വദേശി എഡ്വിൻ എന്നിവരുടെ ജാമ്യാപേക്ഷകളാണ് ജസ്റ്റിസ് കെ ഹരിപാലിന്‍റെ ബെഞ്ച് കഴിഞ്ഞ ദിവസം തള്ളിയത്.
Also read: കൊടകര കുഴൽപ്പണ കേസിൽ സർക്കാരും ബിജെപിയും ഒത്തുകളിക്കുന്നുവെന്ന് ചെന്നിത്തല