എറണാകുളം: കൊച്ചി വാട്ടർ മെട്രോയുടെ ആദ്യ റൂട്ടിന്‍റെയും ടെർമിനലുകളുടെയും ഉദ്ഘാടനം ഇന്ന് നടക്കും. വൈറ്റില വാട്ടർ മെട്രോ ടെർമിനലിൽ വെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെയാണ് ഉദ്ഘാടനം നിർവഹിക്കുന്നത്. പേട്ടയിൽ നിർമാണം പൂർത്തിയായ പനംകുറ്റി പുതിയ പാലം, കനാൽ നവീകരണ പദ്ധതി എന്നിവയുടെ ഉദ്ഘാടനവും ചടങ്ങിൽ നിർവഹിക്കും.
വാട്ടർ മെട്രോയുടെ വൈറ്റില മുതൽ കാക്കനാട് ഇൻഫോപാർക്ക് വരെയുള്ള റൂട്ടാണ് ആദ്യഘട്ടത്തിൽ സഞ്ചാരയോഗ്യമാകുന്നത്. മാർച്ച് മുതൽ വാട്ടർ മെട്രോ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും. കെഎംആർഎൽ ആണ് വാട്ടർ മെട്രോയുടെ നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നത്. മെട്രോ സ്റ്റേഷനുകൾക്ക് സമാനമായി അന്താരാഷ്ട്ര നിലവാരത്തിലുള്ള ടെർമിനലുകളാണ് വാട്ടർ മെട്രോക്കും നിർമിക്കുന്നത്. 78.6 കിലോമീറ്ററിൽ 15 റൂട്ടുകളിലാണ് വാട്ടർ മെട്രോ സർവീസ് നടത്തുക.
കൊച്ചി കപ്പൽ ശാലയിലാണ് വാട്ടർ മെട്രോക്ക് ആവശ്യമായ ആധുനിക ബോട്ടുകൾ നിർമിക്കുന്നത്. ഇതിനകം നാല് ബോട്ടുകളുടെ നിർമാണം പൂർത്തിയായിട്ടുണ്ട്. നൂറ് യാത്രക്കാർക്ക് ഒരുമിച്ച് യാത്ര ചെയ്യാൻ സൗകര്യമുള്ള വലിയ ബോട്ടുകളും അമ്പത് പേർക്ക് യാത്ര ചെയ്യാൻ സൗകര്യമുള്ള ബോട്ടുകളുമാണ് നിർമിക്കുന്നത്. 15 വ്യത്യസ്ഥ പാതകളിലായി 38 സ്റ്റേഷനുകളാണുള്ളത്. 678 കോടിയാണ് പദ്ധതി ചിലവ്.