എറണാകുളം : രാജ്യത്തെ ആദ്യ വാട്ടർ മെട്രോ സർവ്വീസായ കൊച്ചി വാട്ടർ മെട്രോയുടെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. കൊച്ചി മെട്രോയുടെ അനുബന്ധ സർവ്വീസായാണ് വാട്ടർ മെട്രോ ആരംഭിക്കുന്നത്. വൈറ്റില മുതൽ കാക്കനാട് വരെയുള്ള ആദ്യ ഘട്ട സർവ്വീസ് ഫെബ്രുവരി അവസാന വാരം തുടങ്ങാനാണ് കെ.എം.ആർ.എൽ ലക്ഷ്യമിടുന്നത്.കൊച്ചി വൺ കാർഡ് ഉപയോഗിച്ച് കൊച്ചി മെട്രോയിലും വാട്ടർ മെട്രോയിലും ബസ്സുകളിലും ഓട്ടോ, ടാക്സി വാഹനങ്ങളിലും യാത്ര ചെയ്യാവുന്ന ഏകീകൃത യാത്രാ സംവിധാനമാണ് നിലവിൽ വരുന്നത്.പശ്ചിമ കൊച്ചിയിൽ നിന്നും വൈപ്പിൻ ദ്വീപുകളിൽ നിന്നും നഗരത്തിൽ വേഗത്തിൽ എത്തിച്ചേരാനും നഗരത്തിൽ നിന്നും കൊച്ചിയുടെ വിവിധ മേഖലകളിലേക്ക് തടസ്സങ്ങളില്ലാത്ത യാത്രയ്ക്കുമാണ് വാട്ടർ മെട്രോ അവസരമൊരുക്കുന്നത്.
കൊച്ചി നഗരത്തിലെ ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരമാണ് കൊച്ചി വാട്ടർ മെട്രോയെന്ന് മേയർ എം. അനിൽകുമാർ ഇ.ടി.വി ഭാരതി നോട് പറഞ്ഞു. ഇത് കൊച്ചിയുടെ ടൂറിസം സാധ്യതകള്‍ വികസിപ്പിക്കും. കൊച്ചിയിലെ ജലഗതാഗത സർവ്വീസുകൾ ആധുനിക വൽക്കരിക്കണമെന്ന ആവശ്യമാണ് വാട്ടർ മെട്രോയിലൂടെ യാഥാർത്ഥ്യമാകുന്നതെന്നും നഗരത്തിന്‍റെ സമ്പദ്ഘടനയ്ക്ക് ഏറെ സഹായകരമായ പദ്ധതി കൂടിയാണ് വാട്ടർ മെട്രോയെന്നും മേയർ അഭിപ്രായപ്പെട്ടു.
പതിനാറ് റൂട്ടിലായി 76 കിലോമീറ്റർ ദൂരത്തിലാണ് വാട്ടർമെട്രോ സര്‍വീസ്. 41 ജെട്ടികളാണുള്ളത്. വൈപ്പിന്‍, വില്ലിങ്ടണ്‍, ഇടക്കൊച്ചി, കുമ്പളം, നെട്ടൂര്‍, വൈറ്റില, ഏലൂര്‍, കാക്കനാട്, ബോള്‍ഗാട്ടി, മുളവുകാട് ദ്വീപുകളെ ബന്ധിപ്പിച്ചാണ് വാട്ടർ മെട്രോയുടെ സർവ്വീസ്. കൊച്ചി കപ്പല്‍ശാലയിൽ വാട്ടർ മെട്രോയുടെ ബോട്ടുകളുടെ നിർമ്മാണവും പുരോഗമിക്കുകയാണ്. 100 പേർക്കും അമ്പത് പേർക്കും യാത്ര ചെയ്യാവുന്ന ഹൈബ്രിഡ് ബോട്ടുകളാണ് നിർമ്മിക്കുന്നത്. 747 കോടി രൂപയാണ് വാട്ടർ മെട്രോയുടെ ആകെ നിർമാണ ചെലവ്.
കൊച്ചി വാട്ടര്‍ മെട്രോയുടെ വൈറ്റില, കാക്കനാട്, ബോട്ട് ജെട്ടി കളുടെ നിർമ്മാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്. കൊവിഡ് നിയന്ത്രണങ്ങളെ തുടർന്നാണ് ബോട്ട് ജെട്ടികളുടെ നിർമ്മാണം വൈകിയത്.ആകെ 78 ബോട്ടുകളാണ് നിർമ്മിക്കുന്നത്. കെഎംആര്‍എല്ലിനാണ് നിർമാണ ചുമതല.ടെര്‍മിനലുകള്‍, ടിക്കറ്റിങ്, പ്രവേശന കവാടം തുടങ്ങിയവ അന്താരാഷ്ട്ര നിലവാരത്തിലാണ് നിര്‍മിക്കുക. ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക സൗകര്യവും ഒരുക്കും .