എറണാകുളം: ഇന്ധന വിലവർധനവിനെതിരെ സംയുക്ത ട്രേഡ് യൂണിയൻ ആഹ്വാനം ചെയ്‌ത ചക്ര സ്‌തംഭന സമരം കൊച്ചിയിൽ പൂർണം. ജില്ലയിൽ 42 കേന്ദ്രങ്ങളിൽ ട്രേഡ് യൂണിയന്‍റെ നേതൃത്വത്തിൽ ചക്ര സ്‌തംഭനത്തിന്‍റെ ഭാഗമായുള്ള പ്രതിഷേധ സംഗമങ്ങൾ നടന്നു.
രാവിലെ പതിനൊന്ന് മണിക്ക് വാഹനങ്ങൾ റോഡിൽ നിർത്തിയിട്ടായിരുന്നു പ്രതിഷേധം. പതിനൊന്ന് മണി മുതൽ പതിനഞ്ച് മിനിറ്റാണ് സമരം നടന്നത്. ആംബുലന്‍സ് ഉള്‍പ്പെടെയുള്ള അവശ്യ സര്‍വ്വീസുകളെ സമരത്തില്‍ നിന്ന് ഒഴിവാക്കിയിരുന്നു.
കലൂർ ജംഗ്ഷനിൽ സിഐടിയു കേന്ദ്ര കമ്മിറ്റി അംഗം കെ.വി മനോജ് പ്രതിഷേധം ഉദ്ഘാടനം ചെയ്‌തു. അമ്പത് രൂപയ്ക്ക് പെട്രോൾ നൽകുമെന്ന് വാഗ്‌ദാനം ചെയ്‌താണ് കേന്ദ്ര സർക്കാർ അധികാരത്തിലെത്തിയതെന്നും എന്നാല്‍ ഒരു ലിറ്റർ പെട്രോളിന്‍റെ വില നൂറ് രൂപയിലെത്തി നിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇരുപത്തിമൂന്ന് തവണയാണ് ഒരു മാസത്തിനിടെ വില വർധിപ്പിച്ചത്. സംസ്ഥാനത്തിന് വില വർധനവിന്‍റെ വിഹിതം നൽകാതിരിക്കാൻ അഡീഷണൽ നികുതിയാണ് വർധിപ്പിക്കുന്നതെന്നും അദേഹം ചൂണ്ടികാണിച്ചു.
Read more: ഇന്ധന വിലവർധനവിനെതിരെ ചക്ര സ്‌തംഭന സമരം
കേന്ദ്ര സര്‍ക്കാര്‍ നികുതി വെട്ടിച്ചുരുക്കണമെന്നാണ് തൊഴിലാളി യൂണിയനുകളുടെ ആവശ്യം. അതേസമയം, വാഹനങ്ങള്‍ റോഡിൽ നിര്‍ത്തിയിട്ടുള്ള സമരത്തെ തുടർന്ന് വലിയ തോതിലുള്ള ഗതാഗത കുരുക്കാണ് കൊച്ചി നഗരത്തിൽ അനുഭവപ്പെട്ടത്.