എറണാകുളം: സംസ്ഥാന സർക്കാരിന്‍റെ സത്യപ്രതിജ്ഞ ചടങ്ങിൽ പരമാവധി ആളെ കുറയ്ക്കണമെന്ന് കേരള ഹൈക്കോടതി. എംഎൽഎമാരുടെ ബന്ധുക്കൾ എത്തുന്നത് പരമാവധി ഒഴിവാക്കണം. ഓൺലൈനിലൂടെ ചടങ്ങ് വീക്ഷിക്കാം. അത്തരത്തിൽ ചടങ്ങ് വീക്ഷിക്കുന്നതിൽ മാന്യതക്കുറവില്ല. നിലവിൽ നിശ്ചയിച്ച ആളുകളുടെ എണ്ണത്തിൽ കുറവു വരുത്തണമെന്നും കോടതി നിർദേശിച്ചു. അതേസമയം ചടങ്ങ് രാജ്ഭവനിലേക്ക് മാറ്റാൻ നിർദേശം നൽകണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല.
Also Read:'ചെയ്തത് ശരിയാണോയെന്ന് പ്രതിപക്ഷം പരിശോധിക്കട്ടെ' ; വിമർശിച്ച് മുഖ്യമന്ത്രി
നിലവിലെ കൊവിഡ് സാഹചര്യം മറക്കരുതെന്നും കോടതി ഓർമിപ്പിച്ചു. നിയന്ത്രണങ്ങളിൽ വെള്ളം ചേർക്കാനാവില്ല. മെയ് ആറിനും, പതിനാലിനും ഇറക്കിയ ഉത്തരവുകൾ കർശനമായി പാലിക്കണം. രാഷ്ട്രീയ പാർട്ടികളുടെ സംസ്ഥാന നേതാക്കൾ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തവർ എന്നിവരെ പങ്കെടുപ്പിക്കണമോയെന്ന് സർക്കാർ പരിശോധിക്കണം. 500 പേരെയാണ് സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ചത്. എന്നാൽ പ്രതിപക്ഷ എംഎൽഎമാർ അടക്കം ഉണ്ടാവില്ലെന്ന് അറിയിച്ചതിനാൽ 350 പേരെ മാത്രമേ പ്രതീക്ഷിക്കുന്നുള്ളൂ എന്നാണ് സർക്കാർ കോടതിയെ അറിയിച്ചത്. തുറസായ സ്ഥലത്ത് എല്ലാ കൊവിഡ് മാനദണ്ഡങ്ങളും പാലിച്ചാണ് പരിപാടി നടക്കുകയെന്നും സർക്കാർ വിശദീകരണം നൽകി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.