എറണാകുളം: പാതയോരങ്ങളിൽ കൊടിതോരണങ്ങൾ സ്ഥാപിയ്ക്കുന്നതിനെതിരെ വീണ്ടും വിമർശനവുമായി ഹൈക്കോടതി. 'കോടതി ഉത്തരവ് മറികടക്കാൻ സര്‍ക്കാര്‍ സർവകക്ഷി യോഗം വിളിക്കുകയാണ് ചെയ്‌തത്. എന്നാല്‍ കൊടി മരങ്ങൾ സ്ഥാപിയ്ക്കാൻ അനുമതി വേണമെന്ന് പറയുന്ന രാഷ്ട്രീയ പാർട്ടികൾ ഇക്കാര്യം കോടതിയിൽ ആവശ്യപ്പെടാൻ ധൈര്യം കാണിയ്ക്കാറില്ല' - ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിമർശിച്ചു. കോടതി ഉത്തരവുകളോട് ഇതാണ് സമീപനം എങ്കിൽ പുതിയ കേരളം എന്ന് പറയരുതെന്നും കോടതി പരാമര്‍ശിച്ചു.
Also read: 'കല്ലിന് ക്ഷാമമില്ല, പിഴുതുമാറ്റിയാലും ഇടും' ; വിമോചന സമരം നടക്കില്ലെന്ന് കോടിയേരി
പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത തരത്തിൽ കൊടിതോരണങ്ങൾ സ്ഥാപിയ്ക്കാൻ രണ്ട് ദിവസങ്ങൾക്ക് മുൻപ് സർവകക്ഷി യോഗത്തിൽ തീരുമാനമെടുത്തതിനെതിരെയാണ് കോടതി രംഗത്തുവന്നത്.
നേരത്തെ സിപിഎം സമ്മേളനത്തിന്‍റെ ഭാഗമായി കൊച്ചിയിൽ പാതയോരങ്ങളിൽ കൊടിതോരണങ്ങൾ സ്ഥാപിച്ചതിനെതിരെ ഹൈക്കോടതി രൂക്ഷമായ വിമർശനമുന്നയിച്ചിരുന്നു. സംസ്ഥാനത്തെ പാതയോരങ്ങളില്‍ അനധികൃതമായി സ്ഥാപിച്ചിരിയ്ക്കുന്ന കൊടിമരങ്ങള്‍ നീക്കം ചെയ്യണമെന്ന് ഉത്തരവിടുകയും ചെയ്‌തിരുന്നു.
പുതുതായി കൊടിമരങ്ങള്‍ സ്ഥാപിയ്ക്കുന്നതിനും താത്കാലിക വിലക്കേർപ്പെടുത്തി. കൊടിമരങ്ങൾ സ്ഥാപിച്ചവർ തന്നെ സ്വമേധായ നീക്കം ചെയ്‌തില്ലെങ്കില്‍ ഭൂസംരക്ഷണ നിയമപ്രകാരം നടപടി സ്വീകരിയ്ക്കാനും കോടതി നിർദേശം നൽകിയിരുന്നു.