എറണാകുളം: സ്വപ്ന സുരേഷ് മുഖ്യമന്ത്രിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കാനാകില്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയില്‍. ഗൂഢാലോചനക്കേസിൽ വിശദമായ അന്വേഷണം വേണമെന്ന് സര്‍ക്കാര്‍ രേഖാമൂലം കോടതിയെ അറിയിച്ചു. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ വെളിപ്പെടുത്തൽ നടത്തുന്നതിന് മുൻപ് സ്വപ്‌നയും പി.സി ജോർജും ചേർന്ന് ഗൂഢാലോചന നടത്തിയെന്നും സര്‍ക്കാര്‍ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
സ്വപ്‌നയുടെ വെളിപ്പെടുത്തലിന് പിന്നാലെ സംസ്ഥാനമെമ്പാടും കലാപ സമാനമായ പ്രശ്‌നങ്ങളുണ്ടായി. ക്രമസമാധാന നില തകർക്കുന്ന തരത്തിൽ സമരങ്ങളും ഉണ്ടായി. ഗൂഢാലോചനയുടെ ഭാഗമാണ് ഇതെന്നും സർക്കാർ കോടതിയെ അറിയിച്ചു.
പൊതുമുതൽ നശിപ്പിച്ചതിനും മറ്റും ഏകദേശം 757 കേസുകളും എടുക്കേണ്ടി വന്നു. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ സ്വപ്‌ന നടത്തിയ പ്രസ്‌താവന നിരുത്തരവാദപരവും കുറ്റകരവുമാണ്. അതിനാല്‍ കേസ് റദ്ദാക്കാനാകില്ലെന്നുമാണ് സർക്കാരിന്‍റെ നിലപാട്.
കെ.ടി ജലീലും പൊലീസും ചേർന്ന് നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണ് കേസെടുത്തതെന്നായിരുന്നു സ്വപ്‌ന സുരേഷിന്‍റെ വാദം. മുഖ്യമന്ത്രിക്കെതിരെ നടത്തിയ വെളിപ്പെടുത്തലിൽ പ്രതികാര നടപടിയായിട്ടാണ് കേസെടുത്തതെന്നും കെട്ടിച്ചമച്ചുണ്ടാക്കിയ ഗൂഢാലോചനക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള സ്വപ്‌നയുടെ ഹർജി ഹൈക്കോടതി ഈയാഴ്‌ച വീണ്ടും പരിഗണിക്കാനിരിക്കെയാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്.
Also read: ഗൂഢാലോചന കേസ്: ഷാജ് കിരണിന്‍റെ രഹസ്യമൊഴി രേഖപ്പെടുത്തി