എറണാകുളം : നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതി നടൻ ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജി വിചാരണക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പ്രതിഭാഗത്തിന്‍റെയും പ്രോസിക്യൂഷന്‍റെയും വാദങ്ങൾ ഇന്ന് കോടതിയിൽ നടക്കും. പുകമറ സൃഷ്‌ടിക്കാനാണ് പ്രോസിക്യൂഷൻ്റെ ശ്രമമെന്നായിരുന്നു പ്രതിഭാഗം ആരോപിച്ചത്.
തനിക്കെതിരായ ആരോപണങ്ങൾ പ്രോസിക്യൂഷൻ കെട്ടിച്ചമച്ചതാണെന്നും നടൻ ദീലീപ് വാദിച്ചിരുന്നു. ബാലചന്ദ്രകുമാറിൻ്റെ തിരക്കഥയാണ് കേസിന് ആധാരം, ബാലചന്ദ്രകുമാറിൻ്റെ മൊഴി വിശ്വസിക്കാൻ കഴിയാത്തതാണ്. 6 മാസമായിട്ടും ബാലചന്ദ്രകുമാർ നൽകിയ പെൻഡ്രൈവിൻ്റെ ശാസ്ത്രീയ പരിശോധനാഫലം ലഭിക്കാത്തതെന്തെന്നും പ്രതിഭാഗം സംശയമുന്നയിച്ചിരുന്നു.
Also read: കേസ് അട്ടിമറി ആരോപണം: അതിജീവിത നൽകിയ ഹർജി ഹൈക്കോടതി മാറ്റിവച്ചു
വെളിപ്പെടുത്തൽ നടത്തുന്നതിന് മുൻപ് പണം ആവശ്യപ്പെട്ട് ബാലചന്ദ്രകുമാർ ദിലീപിന് അയച്ച വോയ്‌സ് ക്ലിപ്പുകൾ പ്രതിഭാഗം കോടതിയിൽ ഹാജരാക്കിയിരുന്നു. ശക്തമായ തെളിവുകളുണ്ടെങ്കിൽ മാത്രമേ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം പരിഗണിക്കുകയുള്ളൂവെന്ന് വിചാരണക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. ദിലീപ് സാക്ഷികളെ സ്വാധീനിച്ചതിന്‍റെയും ജാമ്യ വ്യവസ്ഥകൾ ലംഘിച്ചതിന്‍റെയും തെളിവുകൾ പ്രോസിക്യൂഷനും കോടതിയിൽ സമർപ്പിച്ചു.