എറണാകുളം: നടിയെ ആക്രമിച്ച കേസിൽ ഒന്നാം പ്രതി പൾസർ സുനിയെ ചോദ്യം ചെയ്‌തു. സംവിധായകൻ ബാലചന്ദ്രകുമാറിൻ്റെ വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തിൽ നടക്കുന്ന തുടരന്വേഷണത്തിൻ്റെ ഭാഗമായായിരുന്നു ചോദ്യം ചെയ്യൽ. എറണാകുളം സബ് ജയിലിലെത്തിയാണ് പള്‍സര്‍ സുനിയെ അന്വേഷണ സംഘം ചോദ്യം ചെയ്‌തത്. പൾസർ സുനിയെ ജയിലിൽ ചോദ്യം ചെയ്യണമെന്ന ആവശ്യം വിചാരണ കോടതി നേരത്തെ അനുവദിച്ചിരുന്നു.
എട്ടാം പ്രതി ദിലീപും ഒന്നാം പ്രതി പൾസർ സുനിയും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന നിർണായക തെളിവുകൾ ഉൾപ്പെടെ ബാലചന്ദ്രകുമാർ ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ ശരിയാണെന്ന് പൾസർ സുനി പറഞ്ഞതായി അമ്മ ശോഭനനയും രഹസ്യമൊഴി നൽകിയിരുന്നു. ഈയൊരു സാഹചര്യത്തിലാണ് പൾസർ സുനിയിൽ നിന്നും അന്വേഷണ സംഘം കൂടുതൽ കാര്യങ്ങൾ ചോദിച്ചറിഞ്ഞത്.
Also read: സംവിധായകൻ ബാലചന്ദ്ര കുമാറിന്‍റെ മൊഴി വീണ്ടും രേഖപ്പെടുത്തി ക്രൈംബ്രാഞ്ച്
പൾസർ സുനി നൽകിയ പുതിയ മൊഴി ഉൾപ്പടെ അന്വേഷണ സംഘം കോടതിയിൽ ഹാജരാക്കും. അതേസമയം, നടിയെ ആകമിച്ച കേസിലെ തുടരന്വേഷണ റിപ്പോർട്ട് പൊലീസ് ഇന്ന് വിചാരണ കോടതിയിൽ സമർപ്പിച്ചു. അന്വേഷണ ഉദ്യോഗസ്ഥന്‍റെ കൈയില്‍ നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ ഉണ്ടെന്നും ഇത് കോടതിയിൽ ഹാജരാക്കാൻ നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജി വിചാരണ കോടതി അടുത്ത മാസം ഒന്നാം തീയതി പരിഗണിക്കാനായി മാറ്റി.