എറണാകുളം: നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായ നടൻ ദിലീപിന് ഹൈക്കോടതിയിൽ നിന്നും തിരിച്ചടി. തുടരന്വേഷണം റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി. തുടരന്വേഷണവുമായി ക്രൈം ബ്രാഞ്ചിന് മുന്നോട്ട് പോകാമെന്നും അടുത്ത മാസം 15നകം തുടരന്വേഷണം പൂർത്തിയാക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.
അന്വേഷണ സംഘത്തെ തുടരന്വേഷണത്തിലേക്ക് നയിച്ച ബാലചന്ദ്രകുമാറിൻ്റെ മൊഴിയുടെ വിശ്വാസ്യതയെ പറ്റി അഭിപ്രായം പറയുന്നില്ലെന്ന് കോടതി വ്യക്തമാക്കി. ക്രിമിനൽ കേസിൽ പുതിയ തെളിവുകൾ ലഭിച്ചാൽ അന്വേഷണം നടത്താമെന്നും കോടതി ചൂണ്ടികാട്ടി.
ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തല്‍
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപിൻ്റെ നേതൃത്വത്തിൽ ഗൂഢാലോചന നടത്തിയെന്നും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്നും സംവിധായകൻ ബാലചന്ദ്രകുമാർ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയിരുന്നു. ഇതേ തുടർന്നാണ് വിചാരണ നടപടികൾ അവസാന ഘട്ടത്തിലെത്തിയ കേസിൽ ക്രൈം ബ്രാഞ്ച് തുടരന്വേഷണം ആരംഭിച്ചത്.
തുടരന്വേഷണം നടത്തി അന്വേഷണ പുരോഗതി റിപ്പോർട്ടും വിചാരണ കോടതിയിൽ സമർപ്പിച്ചിരുന്നു. ഇതിനെതിരെയാണ് ദിലീപ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. വിചാരണ പൂർത്തിയായ കേസ് നീട്ടി കൊണ്ടുപോകാനാണ് അന്വേഷണ സംഘത്തിന്‍റെ ശ്രമമെന്ന് ദിലീപ് ആരോപിച്ചിരുന്നു. തനിക്കെതിരെ തെളിവുകൾ ലഭിക്കാത്ത സാഹചര്യത്തിൽ കൃത്രിമ തെളിവുകൾ സൃഷ്‌ടിച്ച് തന്നെ കുടുക്കുകയാണ് ക്രൈം ബ്രാഞ്ചിന്‍റെ ലക്ഷ്യം.
ദിലീപിന്‍റെ വാദങ്ങള്‍ തള്ളി കോടതി
അന്വേഷണ ഉദ്യോഗസ്ഥന് തന്നോടുള്ള വ്യക്തി വൈരാഗ്യമാണ് തുടരന്വേഷണത്തിലേക്ക് നയിച്ചത്. ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെ അറിഞ്ഞുകൊണ്ടാണ് ഇത്തരമൊരു നീക്കം നടത്തിയതെന്നും ദിലീപ് വാദിച്ചിരുന്നു. എന്നാൽ ഇത്തരം വാദങ്ങൾ എല്ലാം തള്ളിയാണ് തുടരന്വേഷണത്തിന് ഹൈക്കോടതി അനുമതി നൽകിയത്.
ബാലചന്ദ്രകുമാറിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിൽ തന്നെയായിരുന്നു അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയതിന് നടൻ ദിലീപ്, സഹാേദരൻ അനൂപ്, സഹോദരീ ഭർത്താവ് സുരാജ് തുടങ്ങി ആറുപേർക്കെതിരെ ക്രൈം ബ്രാഞ്ച് കേസെടുത്തത്. ഈ കേസിൽ ഹൈക്കോടതി പ്രതികൾക്ക് ജാമ്യം അനുവദിച്ചിരുന്നു. ഗൂഢാലോചന കേസ് തന്നെ റദ്ദാക്കണമെന്ന ദിലീപിന്‍റെ ഹർജി കോടതിയുടെ പരിഗണനയിലാണ്.
Also read: ചാലിയാറിന്‍റെ ഓളപ്പരപ്പില്‍ തുഴയെറിഞ്ഞ് സുഹ്‌റാബി; ഇത് 'പെണ്ണുമ്മ'യുടെ മനസ്ഥൈര്യത്തിന്‍റെ കഥ