എറണാകുളം: നടിയെ ആക്രമിച്ച കേസിൽ നാലാം പ്രതി വിജീഷിന് ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. നടിയെ ആക്രമിച്ച സംഘത്തിൽ പൾസർ സുനിയോടൊപ്പം ആലുവ അത്താണി മുതൽ വാഹനത്തിൽ വിജീഷും ഉണ്ടായിരുന്നു.
വിചാരണ നീണ്ടുപോകുന്ന സാഹചര്യത്തിൽ ജാമ്യം അനുവദിക്കണമെന്നായിരുന്നു വിജീഷിന്‍റെ ആവശ്യം. കഴിഞ്ഞ അഞ്ച് വർഷമായി ജയിലിൽ കഴിയുകയാണെന്നും രണ്ടാം പ്രതി മാർട്ടിന് സുപ്രീം കോടതി വിചാരണ നീളുന്ന സാഹചര്യത്തിൽ ജാമ്യം നൽകിയതും വിജീഷ് കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.
നടിയെ ആക്രമിച്ച കേസിൽ ഇതോടെ പൾസർ സുനി ഒഴികെ എല്ലാ പ്രതികൾക്കും ജാമ്യം ലഭിച്ചു. ഒന്നാം പ്രതി പൾസർ സുനിയുടെ ജാമ്യാപേക്ഷ കഴിഞ്ഞയാഴ്‌ച ഹൈക്കോടതി തള്ളിയിരുന്നു. വിചാരണ നടപടികൾ അവസാന ഘട്ടത്തിലെത്തിയ സാഹചര്യത്തിൽ ജാമ്യം അനുവദിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.
അതേസമയം, നടിയെ ആക്രമിച്ച കേസിൽ കൂറുമാറിയ സാക്ഷി സാഗർ വിൻസെൻ്റിൻ്റെ ഹർജി ഹൈക്കോടതി തള്ളി. പൊലീസ് പീഡനം ആരോപിച്ച് നൽകിയ ഹർജിയാണ് തള്ളിയത്. നോട്ടീസ് നൽകി വിളിച്ചു വരുത്തി സാഗറിനെ ചോദ്യം ചെയ്യാമെന്നും കോടതി വ്യക്തമാക്കി.
നടി കാവ്യ മാധവന്‍റെ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു സാഗർ. കാവ്യയുടെ ഡ്രൈവറും ദിലീപിന്‍റെ അഭിഭാഷകനും സമ്മർദം ചെലുത്തിയാണ് സാഗറിന്‍റെ മൊഴി മാറ്റിയതെന്നാണ് ക്രൈം ബ്രാഞ്ച് ആരോപണം.
Also read: ആ കത്ത് വിനയാകുമോ?: പള്‍സര്‍ സുനി ദിലീപിന് അയച്ച കത്ത് അന്വേഷണ സംഘം കണ്ടെത്തി