എറണാകുളം : നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം മുന്നോട്ട് പോകുന്നതിൽ ദിലീപ് തടസം നിൽക്കുന്നത് എന്തിനെന്ന് ഹൈക്കോടതി. കാലതാമസം ഉള്ളതുകൊണ്ട് അന്വേഷണത്തിന് വിധേയമാകേണ്ട ഒരു കാര്യം അന്വേഷിക്കാതെയിരിക്കാൻ പറ്റുമോയെന്ന് കോടതി ചോദിച്ചു. നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
വിചാരണ നീട്ടിക്കൊണ്ടുപോകാനാണ് പ്രോസിക്യൂഷൻ ശ്രമിക്കുന്നതെന്ന് ദിലീപ് വാദിച്ചു. ആദ്യ കേസിൽ അന്വേഷണത്തിൽ പൾസർ സുനി ദിലീപിൻ്റെ വീട്ടിൽ പോയതായി മൊഴി ഇല്ലെന്ന് പ്രതിഭാഗം വാദം ഉന്നയിച്ചു. പിന്നീടാണ് അന്വേഷണ ഉദ്യോഗസ്ഥൻ ഒരു പുതിയ ആളെ കൊണ്ടുവന്ന് മൊഴി ഉണ്ടാക്കിയത്. വിചാരണ വേളയിൽ പ്രതിഭാഗത്തിന് ഈ കാര്യം ചൂണ്ടിക്കാണിക്കാമെന്നും ഇതുകൊണ്ട് അന്വേഷണം തടയാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ദിലീപിൻ്റെ ഹർജിയിൽ പ്രതിഭാഗത്തിന്‍റെ വാദം പൂർത്തിയായില്ല. തുടർ വാദം കേൾക്കുന്നതിന് ഹർജി ഹൈക്കോടതി ചൊവ്വാഴ്‌ചത്തേക്ക് മാറ്റി. അതേസമയം, തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിൻ്റെ ഹർജിയിൽ അതിജീവിതയെ കക്ഷി ചേർത്തു. കക്ഷി ചേരണമെന്ന അതിജീവിതയുടെ ആവശ്യം ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു.