എറണാകുളം : നടിയെ ആക്രമിച്ചതിന്‍റെ ദൃശ്യങ്ങള്‍ തന്‍റെ കൈവശമുണ്ടെന്ന ക്രൈം ബ്രാഞ്ച് ആരോപണം നിഷേധിച്ച് നടന്‍ ദിലീപ്. ദ്യശ്യങ്ങള്‍ തന്‍റെ പക്കലുണ്ടെന്ന ആരോപണം തെറ്റെന്ന് ദിലീപ് ഹൈക്കോടതിയിൽ വിശദീകരിച്ചു. കേസിന്‍റെ തുടരന്വേഷണത്തിന് കൂടുതല്‍ സമയം അനുവദിക്കരുതെന്നും ദിലീപ് കോടതിയോട് അഭ്യര്‍ഥിച്ചു.
ഡിജിറ്റല്‍ തെളിവുകളുടെ പരിശോധനാഫലം മൂന്ന് മാസം മുന്‍പ് ക്രൈം ബ്രാഞ്ചിന് ലഭിച്ചതാണ്. അത് ഇതുവരെയും പരിശോധിച്ചില്ലെന്നാണ് ക്രൈം ബ്രാഞ്ച് പറയുന്നത്. ഫോണുകള്‍ പിടിച്ചെടുക്കേണ്ട ആവശ്യമില്ലെന്നും വിവരങ്ങള്‍ മുഴുവനായും മുംബൈയിലെ ലാബില്‍ നിന്നും ലഭിച്ചതാണെന്നും ദിലീപ് കോടതിയെ അറിയിച്ചു.
Also read: നടിയെ ആക്രമിച്ച കേസ്: 'അന്വേഷണം പൂര്‍ത്തിയാക്കാൻ മൂന്ന് മാസം കൂടി വേണം'
അതേസമയം, നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം അട്ടിമറിക്കാൻ ശ്രമം നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി അതിജീവിത നൽകിയ ഹർജി ഹൈക്കോടതി അടുത്ത വെള്ളിയാഴ്‌ചയിലേക്ക് മാറ്റി. ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് കൗസർ എടപ്പഗത്ത് പിന്മാറണമെന്ന അതിജീവിതയുടെ ആവശ്യം ഹൈക്കോടതി നിരസിച്ചു. തുടരന്വേഷണത്തിന് സാവകാശം തേടി ക്രൈംബ്രാഞ്ച് സമർപ്പിച്ച ഹർജി ബുധനാഴ്‌ച ഉച്ചയ്ക്ക് 1.45ന് ഹൈക്കോടതി പരിഗണിക്കും.