എറണാകുളം: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന്‍റെ ചോദ്യം ചെയ്യൽ പൂർത്തിയായി. തുടരന്വേഷണത്തിന്‍റെ ഭാഗമായാണ് തുടർച്ചയായ രണ്ട് ദിവസങ്ങളിലായി പതിനാറര മണിക്കൂർ ചോദ്യം ചെയ്‌തത്. ദിലീപിൻ്റെ ചോദ്യം ചെയ്യൽ പൂർത്തിയായെന്നും ആവശ്യമെങ്കിൽ വീണ്ടും ചോദ്യം ചെയ്യുമെന്നും ക്രൈം ബ്രാഞ്ച് മേധാവി എസ് ശ്രീജിത്ത് പറഞ്ഞു.
മറ്റ് പലരെയും ഒരുമിച്ച് ചോദ്യം ചെയ്യേണ്ടതുണ്ടെന്നും അദേഹം വ്യക്തമാക്കി. ദിലീപിനൊപ്പം ഒരുമിച്ച് ചോദ്യം ചെയ്‌തുവെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ പറഞ്ഞു. പുറത്ത് വരാത്ത നിരവധി തെളിവുകൾ, ഓഡിയോ ക്ലിപ്പുകൾ പൊലീസിൻ്റെ പക്കലുണ്ട്.
വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണം നല്ല നിലയിൽ മുന്നോട്ട് പോവുന്നുണ്ടന്നും ബാലചന്ദ്രകുമാർ പറഞ്ഞു. ദിലീപിന്‍റെ രണ്ടാം ദിവസത്തെ ചോദ്യം ചെയ്യലിനിടെയായിരുന്നു ബാലചന്ദ്രകുമാറിനെയും ആലുവ പൊലീസ് ക്ലബ്ബിലേക്ക് വിളിപ്പിച്ച് മൊഴിയെടുത്തത്. ദിലീപ് നൽകിയ മൊഴികളുമായി ബന്ധപ്പെട്ട് കൂടുതൽ വ്യക്തത വരുത്തുകയായിരുന്നു ലക്ഷ്യം.
മുന്‍ നിലപാടില്‍ ഉറച്ച് ദിലീപ്: നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ കണ്ടില്ല, ബാലചന്ദ്രകുമാറിൻ്റെ മൊഴിയെ കുറിച്ച് തനിക്ക് അറിയില്ല, സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചിട്ടില്ല തുടങ്ങിയ മുൻ നിലപാടിൽ ദിലീപ് ഉറച്ച് നിൽക്കുകയായിരുന്നു. ഇതോടെയാണ് ബാലചന്ദ്രകുമാറിനെയും ദിലീപിനെയും ഒരുമിച്ച് ഇരുത്തി അഞ്ച് മണിക്കൂറോളം ചോദ്യം ചെയ്‌തത്. തുടരന്വേഷണം പൂര്‍ത്തിയാക്കി ഏപ്രില്‍ 15ന് റിപ്പോര്‍ട്ട് സമര്‍പ്പിയ്ക്കാൻ കോടതി ഉത്തരവിട്ടിരുന്നു.
ഈ സാഹചര്യത്തിലാണ് ദിലീപിനെ വീണ്ടും ചോദ്യം ചെയ്‌തത്. നടിയെ ആക്രമിച്ച കേസില്‍ വിചാരണ അവസാന ഘട്ടത്തിലെത്തി നില്‍ക്കെ തുടരന്വേഷണത്തില്‍ ലഭിച്ച തെളിവുകളുടെയും മൊഴികളുടെയും അടിസ്ഥാനത്തിലുള്ള ചോദ്യം ചെയ്യല്‍ ദിലീപിന് ഏറെ നിര്‍ണായകമാകും.
Also read: 18 തികഞ്ഞെന്ന് കാരണം, വിദ്യാർഥിയെ അച്ഛനും രണ്ടാനമ്മയും ചേർന്ന് വീട്ടിൽ നിന്നിറക്കിവിട്ടു