കൊച്ചി: അസഹ്യമായ മാലിന്യ പ്രശ്നവും പകർച്ചവ്യാധി ഭീഷണിയും ഉയർത്തിയ കക്കാട്ടുപാറയിലെ അനധികൃത ഇതരസംസ്ഥാന തൊഴിലാളി ക്യാമ്പ് അടച്ചുപൂട്ടി. ഹെൽത്ത് ഇൻസ്പെക്ടർ നടത്തിയ പരിശോധനയെ തുടർന്നാണ് കെട്ടിട ഉടമക്ക് അടച്ചുപൂട്ടാന്‍ നോട്ടീസ് നൽകിയത്. പുതൃക്ക പഞ്ചായത്തിലെ ആരോഗ്യ വിഭാഗമാണ് ക്യാമ്പ് അടച്ചുപൂട്ടിയത്. പൊതുജനാരോഗ്യ മാനദണ്ഡങ്ങൾക്കനുസരിച്ച് യാതൊരുവിധ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കാതെ ഒരു ചെറിയ കെട്ടിടത്തിലെ ഇടുങ്ങിയ മുറികളിലായി 82 തൊഴിലാളികളെയാണ് മാസവാടക വാങ്ങി ഇവിടെ പാർപ്പിച്ചിരുന്നത്.
വേണ്ടത്ര ശുചിമുറികള്‍ ഇല്ലാത്തതിനാൽ തൊഴിലാളികൾ തുറസ്സായ സ്ഥലത്ത് മലമൂത്രവിസർജ്ജനം നടത്തുന്നത് പരിസരവാസികൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു. ശുചിമുറിയിൽ നിന്നടക്കം മാലിന്യങ്ങൾ കെട്ടിടത്തിന്റെ പരിസരത്ത് പലയിടത്തായി വലിയതോതിൽ കെട്ടിക്കിടന്ന് പുഴുവരിക്കുന്ന അവസ്ഥയുണ്ടായി. പരിശോധനയിൽ പ്രദേശത്തെ ഗുരുതരമായ ആരോഗ്യപ്രശ്‌നം ഹെൽത്ത് ഇൻസ്പെക്ടർ കെ കെ സജിക്ക് ബോധ്യപ്പെട്ടു. തുടർന്ന് മൂന്ന് ദിവസത്തിനകം ക്യാമ്പ് അടച്ചുപൂട്ടണമെന്ന് കാണിച്ച് കക്കാട്ടുപാറ വീട്ടിൽ ഏലിയാസിന് നോട്ടീസ് നൽകി. കെട്ടിട ഉടമ കുടുംബസമേതം വിദേശത്ത് താമസിക്കുകയാണ്. കെട്ടിടം കരാറെടുത്ത ഇടനിലക്കാരൻ ഉടമയെ തെറ്റിദ്ധരിപ്പിച്ച് കുറെ നാളുകളായി തൊഴിലാളികളെ കുത്തിനിറച്ച് പാർപ്പിക്കുകയായിരുന്നുവെന്ന് അന്വേഷണത്തിൽ ബോധ്യമായതായി ഉദ്യോഗസ്ഥർ പറഞ്ഞു.