എറണാകുളം: ചോറ്റാനിക്കാരയിൽ സിൽവർ ലൈൻ സർവേ കല്ലുകൾ സ്ഥാപിക്കുന്നതിനെതിരെ ഇന്ന് വീണ്ടും പ്രതിഷേധം. വയലിൽ സ്ഥാപിക്കാനായി എത്തിച്ച സർവേ കല്ലുകൾ കോൺഗ്രസ് പ്രവർത്തകർ തോട്ടിലെറിഞ്ഞു. ഇത് മൂന്നാം തവണയാണ് ചോറ്റാനിക്കരയിൽ സർവേ നടപടികൾ തടസപ്പെടുന്നത്.
ഡി.സി.സി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസിന്‍റെ നേതൃത്വത്തിലായിരുന്നു ഇന്നത്തെ പ്രതിഷേധം. സംഘർഷ സാധ്യത കണക്കിലെടുത്ത് ഉദ്യോഗസ്ഥർ സ്ഥലത്ത് നിന്ന് മടങ്ങി. സ്ഥലത്ത് വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നെങ്കിലും പ്രതിഷേധക്കാരുമായി ബലപ്രയോഗത്തിന് അവർ തയ്യാറായില്ല.
ALSO READ: കെ-റെയില്‍ വിരുദ്ധ സമരം; 'കരുത്തേകാന്‍ കരുതലാകാന്‍' കോണ്‍ഗ്രസിന്‍റെ 'കരുതല്‍ പട'
ചോറ്റാനിക്കരയിൽ ഒരിടത്തും സിൽവർ ലൈൻ കല്ലുകൾ സ്ഥാപിക്കാൻ അനുവദിക്കില്ലന്ന് ഡി.സി.സി പ്രസിഡന്‍റ് ഷിയാസ് അറിയിച്ചു. സിൽവർ ലൈൻ പദ്ധതിക്ക് വേണ്ടി നിരവധി വീടുകളും കൃഷി ഭൂമിയും നഷ്‌ടമാകുന്ന സാഹചര്യമാണ് ചോറ്റാനിക്കരയിൽ ഉള്ളത്. ഇതിന് കോണ്‍ഗ്രസും നാട്ടുകാരും കൂട്ടുനിൽക്കില്ലെന്നും ഷിയാസ് വ്യക്‌തമാക്കി.