എറണാകുളം: സംസ്ഥാനത്ത് യു.എ.പി.എ പരിശോധനാ സമിതി നിയമപ്രകാരമാണ് പ്രവർത്തിച്ചു വരുന്നതെന്നും മറിച്ചുള്ള പ്രചാരണങ്ങൾ ശരിയല്ലെന്നും സമിതി അധ്യക്ഷൻ ജസ്റ്റിസ് പി.എസ്.ഗോപിനാഥൻ ഇ.ടി.വി ഭാരതിനോട് പറഞ്ഞു. യു.എ.പി.എ കേസുകൾ പരിശോധന സമിതിയുടെ പരിഗണനക്കെത്തിയാല്‍ ഒരാഴ്‌ചക്കുള്ളില്‍ റിപ്പോർട്ട് സമര്‍പ്പിക്കണമെന്നാണ് രീതി. കേസ് അന്വേഷണം പൂർത്തിയാക്കിയ ശേഷം അന്തിമ റിപ്പോർട്ട് തയാറാക്കി സർക്കാറിനോട് പ്രോസിക്യൂഷൻ അനുമതി തേടുന്ന വേളയിലാണ് പരിശോധനാ സമിതിയുടെ മുന്നില്‍ കേസുകൾ വരുന്നത്. ഈയൊരു സാഹചര്യത്തിൽ പന്തീരാങ്കാവ് യു.എ.പി.എ കേസ് സമിതിയുടെ പരിശോധനയ്ക്ക് എത്താൻ വൈകാനാണ് സാധ്യത. ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ കുറ്റാരോപിതനെ വിചാരണ ചെയ്യേണ്ടതുണ്ടോയെന്നാണ് സമിതി പരിശോധിക്കുക.
ഇത്തരം കേസുകളിൽ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും പ്രോസിക്യൂഷൻ അനുമതിയുടെ കാര്യത്തിൽ സർക്കാർ തീരുമാനം കൈക്കൊള്ളുക. അതിനുശേഷം മാത്രമേ കുറ്റപത്രം കോടതിയിൽ സമർപ്പിക്കുന്നതുൾപ്പെടെയുള്ള തുടർനടപടികൾ പൊലീസിനു സ്വീകരിക്കാനാകൂ.
യു.എ.പി.എയുടെ ദുരുപയോഗം തടയുകയെന്നതാണ് പരിശോധന സമിതിയുടെ ലക്ഷ്യം. ഇതുവരെ മുപ്പത്തിയൊന്ന് കേസുകളാണ് പരിഗണനയ്ക്ക് വന്നത്. ഇതിൽ പതിനാറ് കേസുകള്‍ക്ക് മാത്രമാണ് പ്രെസിക്യൂഷൻ അനുമതി നൽകിയതെന്നും ജസ്റ്റിസ് പി.എസ്.ഗോപിനാഥൻ പറഞ്ഞു. ജസ്റ്റിസ് പി.എസ്. ഗോപിനാഥൻ അധ്യക്ഷനായ യു.എ.പി.എ പരിശോധനാ സമിതിയിൽ നിയമ, ആഭ്യന്തര വകുപ്പ് സ്പെഷ്യൽ സെക്രട്ടിമാർ, ആഭ്യന്തര സുരക്ഷാ വിഭാഗം ഐ.ജി. എന്നിവർ അംഗങ്ങളാണ്.