എറണാകുളം: വിശ്വാസ സംരക്ഷണം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കോതമംഗലം മാർത്തോമ ചെറിയപള്ളിയിൽ 'കുട്ടിക്കൂട്ടം' എന്ന പേരിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. അഖില മലങ്കര സഭാ സൺഡേ സ്‌കൂൾ വിദ്യാർഥികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയില്‍ വിവിധ പള്ളികളിൽ നിന്നുള്ള ആയിരക്കണക്കിന് കുട്ടികൾ പങ്കെടുത്തു.
സഭാ വിഷയത്തിൽ സുപ്രീം കോടതി ഉത്തരവ് നടപ്പാക്കുന്നതിൽ മാനുഷിക പരിഗണന ഉറപ്പാക്കണമെന്നും പള്ളിയും പള്ളി വക വസ്തുവകകളും സംരക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്. യാക്കോബായ സഭക്ക് കീഴിലെ എഴുന്നൂറോളം സൺഡേ സ്‌കൂളുകളിൽ നിന്ന് കാൽ ലക്ഷത്തോളം കുട്ടികൾ കോതമംഗലം മാർതോമ ചെറിയ പള്ളിയിൽ ഒത്തുകൂടി.
എൽദോ മാർ ബസേലിയോസ് ബാവായുടെ കബറിടത്തിങ്കൽ നിന്നും പള്ളി വികാരി ഫാ.ജോസ് പരുത്തു വയലിൽ ചൊല്ലിക്കൊടുത്ത വിശ്വാസ സംരക്ഷണ പ്രതിജ്ഞ പള്ളിക്ക് ചുറ്റും വലം വച്ച കുട്ടിക്കൂട്ടം ഏറ്റുചൊല്ലി. തങ്ങളുടെ പൂർവ്വപിതാക്കാന്മാര്‍ പണിത പള്ളി വിട്ട് നൽകില്ലെന്നും വിശ്വാസം സംരക്ഷിക്കുമെന്നും വ്യക്തമാക്കി കുട്ടികൾ ചോര കൊണ്ട് 'സത്യം' എന്നെഴുതിയ പ്ലക്കാർഡ് ഉയർത്തിപ്പിടിച്ചു.
സുപ്രീം കോടതി വിധി നടപ്പാക്കേണ്ട പള്ളികളിൽ പ്രധാന പള്ളിയായ കോതമംഗലം മാർ തോമ ചെറിയപള്ളിയിൽ കുട്ടികളെ മുൻനിർത്തിയുള്ള അവസാനവട്ട പ്രതിഷേധമെന്ന നിലയിലാണ് കുട്ടിക്കൂട്ടം സംഘടിപ്പിച്ചത്. രണ്ടാഴ്ച മുമ്പ് രണ്ടാംകൂനൻ കുരിശ് സത്യമെന്ന പേരിൽ നടത്തിയ വിശ്വാസ പ്രഖ്യാപനം ചരിത്ര ഭാഗമായതിന്റെ പിന്നാലെയാണ് കുട്ടിക്കൂട്ടമെന്ന പേരിൽ യാക്കോബായ സഭയുടെ പുതിയ പ്രതിഷേധ നീക്കം. അതേ സമയം തോമസ് പോൾ റമ്പാന്റെ നേതൃത്വത്തിൽ ഓർത്തഡോക്സ് പക്ഷം തിങ്കളാഴ്ച പള്ളിയിൽ പ്രവേശിക്കാൻ സുരക്ഷയൊരുക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കലക്ടർക്ക് കത്ത് നല്കിയിട്ടുണ്ട്. സംഘർഷാവസ്ഥ കണക്കിലെടുത്ത് പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.