എറണാകുളം: സപ്ലൈകോ മെഡിക്കല്‍ സ്‌റ്റോറുകളില്‍ ഇന്‍സുലിന്‍ ഉൽപന്നങ്ങളുടെ വില കുറയ്ക്കാന്‍ തീരുമാനിച്ചുവെന്ന് സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍ അനില്‍. അടുത്ത മാസം മുതല്‍ 20 മുതല്‍ 24 ശതമാനം വരെ ഡിസ്‌കൗണ്ട് 90 ലധികം ഇന്‍സുലിന്‍ ഉത്പന്നങ്ങള്‍ക്ക് ലഭ്യമാക്കും. റേഷന്‍ കാര്‍ഡുമായി വരുന്നവര്‍ക്ക് ഒരു തവണ ആയിരം രൂപ വരെ ഇളവ് ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
അരി മില്ലുടമകളുമായി നടത്തിയ ചർച്ചയിൽ അവരുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ തീരുമാനിച്ചുവെന്നും മന്ത്രി പറഞ്ഞു. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ സംഭരണ കൂലി നൽകും. പ്രളയ സമയത്ത് നൽകാനുള്ള 4.96 കോടി രൂപ ഉടൻ നൽകും. പ്രകൃതി ദുരന്തം മൂലമുള്ള നഷ്‌ടം കരാറുകാരും, സപ്ലൈക്കോയും ഒരുപോലെ പങ്കിടുമെന്നും മന്ത്രി വ്യക്തമാക്കി.
അരിമില്ലുകളിൽ രണ്ട് തവണ ഗുണ പരിശോധന പൂർത്തിയാക്കിയ അരി തിരിച്ചയക്കരുതെന്ന ആവശ്യവും അംഗീകരിച്ചു. മില്ല് ഉടമകൾ സമരങ്ങളിൽ നിന്ന് പിന്മാറുമെന്ന് ഉറപ്പ് നൽകിയതായും മന്ത്രി പറഞ്ഞു. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് കൊച്ചിയിൽ മില്ലുടമകളുമായി നടത്തിയ ചർച്ചയുടെ വിശദാംശങ്ങൾ മാധ്യമ പ്രവർത്തകരെ അറിയിക്കുകയായിരുന്നു മന്ത്രി.
ALSO READ: അനർഹമായി ബിപിഎൽ കാർഡ് കൈവശമുള്ളവർ പിൻവലിക്കണമെന്ന് ഭക്ഷ്യമന്ത്രി