എറണാകുളം: ഇന്ത്യ തദ്ദേശീയമായി നിര്‍മിക്കുന്ന ആദ്യ വിമാനവാഹിനി കപ്പല്‍ ഐഎന്‍എസ് വിക്രാന്ത് അടുത്ത വര്‍ഷം കമ്മീഷന്‍ ചെയ്യാനാകുമെന്ന് ദക്ഷിണ നാവിക സേനാ മേധാവി അനില്‍ കുമാര്‍ ചൗള. കൊച്ചി കപ്പല്‍നിര്‍മാണ ശാലയിലാണ് ഐഎന്‍എസ് വിക്രാന്തിന്‍റെ നിര്‍മാണ പ്രവര്‍ത്തികള്‍ നടക്കുന്നത്.
ശ്രീലങ്കന്‍ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സമുദ്രമേഖലകളില്‍ ശക്തമായ സുരക്ഷാക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. വിദേശ രാജ്യങ്ങൾ ഇന്ത്യൻ കടൽ വഴി നടത്തുന്ന വ്യാപാരത്തിനും നാവികസേന സുരക്ഷ നല്‍കുന്നുണ്ട്. കഴിഞ്ഞ കാലഘട്ടങ്ങളെ അപേക്ഷിച്ച് കടൽ കൊള്ളക്കാരുടെ ഭീക്ഷണി രണ്ട് വർഷങ്ങളായി ഉണ്ടായിട്ടില്ലെന്നും ദക്ഷിണ നാവിക സേനാ മേധാവി അനില്‍ കുമാര്‍ ചൗള പറഞ്ഞു. ഏതു വെല്ലുവിളിയും നേരിടാന്‍ സേന സുസജ്ജമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
നിര്‍മാണത്തിലിരിക്കെ ഐഎന്‍എസ് വിക്രാന്തിലെ കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്ക്ക് മോഷണം പോയ സംഭവുമായി ബന്ധപ്പെട്ട് എന്‍ഐഎയുടെ അന്വേഷണം പുരോഗമിക്കുകയാണെന്നും ചൗള വ്യക്തമാക്കി. കടലിലകപ്പെട്ട നിരവധി മത്സ്യത്തൊഴിലാളികളെയാണ് നാവിക സേന രക്ഷപ്പെടുത്തിയത്. കേരളം, ലക്ഷദ്വീപ്, മാഹി തുടങ്ങിയ മേഖലകളില്‍ നാവിക സേനയുടെ സേവനം നിരവധിയാണെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ സമൂഹത്തിന്റെ മറ്റ് മേഖലകളിലേക്ക് സേനയുടെ സഹായം ലഭ്യമാക്കുന്നുണ്ട്. ഇത് കൂടുതല്‍ വിപുലീകരിക്കുമെന്നും ദക്ഷിണനാവിക സേനാ മേധാവി പറഞ്ഞു.