എറണാകുളം : മോൻസണ്‍ മാവുങ്കലിനെതിരായ പുരാവസ്‌തു സാമ്പത്തിക തട്ടിപ്പ് കേസിൽ ആദായ നികുതി വകുപ്പും അന്വേഷണം ആരംഭിച്ചു. കൊച്ചിയിലെ ആദയനികുതി വകുപ്പ് അന്വേഷണ വിഭാഗമാണ് ക്രമക്കേടുകളില്‍ പരിശോധന നടത്തുന്നത്. തൃപ്പൂണിത്തുറയിലെ ക്രൈംബ്രാഞ്ച് ഓഫിസിൽ നേരിട്ടെത്തി ഉദ്യേഗസ്ഥർ ക്രൈംബ്രാഞ്ച് സംഘത്തില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു.
മോൻസണ്‍ തട്ടിപ്പിനായി പ്രധാനമായും ഉപയോഗിച്ച കലിംഗ കല്യാൺ ഫൗണ്ടേഷനുമായി ബന്ധപ്പെട്ട വിശദാംശങ്ങളും കോടികൾ മോൻസന് നിക്ഷേപമായി നൽകിയ പരാതിക്കാരുടെ വിവരങ്ങളും ആദായ നികുതി വകുപ്പ് തേടിയിട്ടുണ്ട്.
മോൻസണിന്‍റെ സാമ്പത്തിക ഇടപാടുകളിലെ നികുതി വെട്ടിപ്പാണ് പ്രധാനമായും പരിശോധിക്കുന്നത്. . മോൻസണിന് കോടികൾ നൽകിയ പരാതിക്കാരുടെ സാമ്പത്തിക ശ്രോതസുകള്‍ സംബന്ധിച്ചും പരിശോധിക്കും.
അന്വേഷണം ഊർജിതമാക്കി ക്രൈംബ്രാഞ്ചും
അതേസമയം, മോൻസണെതിരായ അന്വേഷണം ക്രൈംബ്രാഞ്ച് ഊർജിതമാക്കി. ഇയാളുടെ പേരിൽ ഭൂമിയോ വസ്‌തുക്കളോ ഉണ്ടോയെന്ന് കണ്ടെത്താൻ ക്രൈംബ്രാഞ്ച് രജിസ്ട്രേഷൻ വകുപ്പിന് കത്ത് നൽകി. സംസ്ഥാനത്തെ ബാങ്കുകളിൽ നിന്നും ക്രൈംബ്രാഞ്ച് വിവരങ്ങൾ തേടിയിട്ടുണ്ട്.
ഇതുവരെയുള്ള അന്വേഷണത്തിൽ ഇയാളുടെ പേരിൽ ഭൂമിയോ വസ്‌തുക്കളോ ഇല്ലെന്ന വിവരമാണ് ലഭിച്ചതെന്നാണ് സൂചന. മോൻസണ് ബിനാമി സ്വത്തുക്കളുണ്ടോയെന്നും ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഇയാളുടെ പേരിൽ സ്വത്തുക്കളില്ലെങ്കിൽ നഷ്ടപ്പെട്ട പണം പരാതിക്കാർക്ക് തിരിച്ചുകിട്ടാനുള്ള സാധ്യതയും ഇല്ലാതാകും.
Also read: ചാനലിന്‍റെ പേരിൽ തട്ടിപ്പ്; മോൻസൺ മാവുങ്കൽ മൂന്ന് ദിവസം ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ