എറണാകുളം: കൊവിഡ് ചികിത്സയുമായി ബന്ധപ്പെട്ട് കളമശേരി മെഡിക്കൽ കോളജിൽ നടന്നത് ഗുരുതര അനാസ്ഥയെന്ന് ഹൈബി ഈഡൻ എം.പി. സംസ്ഥാനത്തിന്‍റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും ഗുരുതരമായ ഏറ്റുപറച്ചിൽ ഉണ്ടാവുന്നത്. നിരന്തരമായി ഗുരുതര വീഴ്ച്ചയാണ് ആശുപത്രി അധികൃതരിൽ നിന്നുണ്ടായത്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ സർക്കാർ തയാറാകണം. ചുമതല വഹിക്കുന്ന ഉത്തരവാദിത്വപെട്ടവർക്കെതിരെ നടപടി സ്വീകരിക്കണം. നഴ്സിങ് സുപ്രണ്ടിനെ മാറ്റിയത് കൊണ്ട് കാര്യമില്ല. ഡോക്ടർമാർക്കെതിരെയും നടപടി സ്വീകരിക്കണമെന്ന് ഹൈബി ഈഡൻ ആവശ്യപ്പെട്ടു.
കുറ്റക്കാർക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരത്തിന് കോൺഗ്രസ് നേതൃത്വം നൽകുമെന്ന് എറണാകുളം ഡി.സി.സി പ്രസിഡന്‍റ് ടി.ജെ.വിനോദ് എം.എൽ.എയും അറിയിച്ചു. കളമശേരി മെഡിക്കൽ കോളജിൽ കൊവിഡ് രോഗി മരിച്ചത് നഴ്‌സിങ് ജീവനക്കാരുടെ അനാസ്ഥ കൊണ്ടാണെന്നും രോഗിയുടെ വെന്‍റിലേറ്റർ ട്യൂബുകൾ മാറി കിടന്നതാണ് മരണകാരണമെന്നുമായിരുന്നു നഴ്‌സിങ് ഓഫീസറുടെ ശബ്‌ദ സന്ദേശത്തിൽ വ്യക്തമാക്കുന്നത്. തീവ്രപരിചരണ വിഭാഗത്തിൽ നിന്നും വാർഡിലേക്ക് മാറ്റേണ്ടിയിരുന്ന രോഗി മരിച്ചത് ജീവനക്കാരുടെ വീഴ്‌ച കാരണമെന്നാണ് ശബ്‌ദരേഖ.