എറണാകുളം: ഇലന്തൂർ നരബലി കേസിൽ മുഖ്യപ്രതി മുഹമ്മദ് ഷാഫിയുടെ വീട്ടിൽ പൊലീസ് പരിശോധന നടത്തി. മുളവുകാട് സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഷാഫിയുടെ എറണാകുളം ഗാന്ധി നഗറിലുള്ള വീട്ടിലാണ് പരിശോധന നടത്തിയത്. ഭഗവൽ സിംഗും ഷാഫിയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളുടെ രേഖകളും മറ്റു വിശദാംശങ്ങളും കണ്ടെത്താനാണ് പരിശോധന.
ശേഷം ഷാഫിയെ ഗാന്ധിനഗർ ഉള്ള സ്വർണ്ണപ്പണയ പണമിടപാട് സ്ഥാപനത്തിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയേക്കും. കൊല്ലപ്പെട്ടവരുടെ സ്വർണാഭരണങ്ങൾ ഷാഫി ഇവിടെ പണയം വച്ചിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. സ്വർണ്ണാഭരണങ്ങൾ പണയപ്പെടുത്തിയതിന്‍റെ ചില രേഖകളും ഷാഫിയുടെ വീട്ടിൽ നിന്ന് ലഭിച്ചിരുന്നു.
അതേസമയം ഇലന്തൂർ നരബലി കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള മൂന്ന് പ്രതികളുടെയും ചോദ്യം ചെയ്യൽ തുടരുകയാണ്. ഒന്നാം പ്രതി മുഹമ്മദ് ഷാഫി, രണ്ടാം പ്രതി ഭഗവൽ സിംഗ്, മൂന്നാം പ്രതി ലൈല എന്നിവരെ എറണാകുളം പൊലീസ് ക്ലബ്ബിൽ എത്തിച്ചാണ് ചോദ്യം ചെയ്യുന്നത്. മൂന്ന് സ്റ്റേഷനുകളിൽ ആയിരുന്നു പ്രതികളെ പാർപ്പിച്ചിരുന്നത്.
പന്ത്രണ്ട് ദിവസം പ്രതികളെ കസ്റ്റഡിയിൽ ലഭിച്ച സാഹചര്യത്തിൽ അന്വേഷണം ഏത് രീതിയിൽ മുന്നോട്ട് കൊണ്ടു പോകണമെന്നതിനെ കുറിച്ച് പൊലീസ് വ്യക്തമായ രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ചേർന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ പങ്കെടുത്ത പ്രത്യേക അന്വേഷണ സംഘത്തിന്‍റെ യോഗത്തിൽ ഇതുവരെയുള്ള അന്വേഷണ പുരോഗതി വിലയിരുത്തിയിരുന്നു.
പ്രതികളെ ഒറ്റയ്ക്കിരുത്തിയും ഒരുമിച്ച് ഇരുത്തിയും വിശദമായി ചോദ്യം ചെയ്യും. കടവന്ത്ര, കാലടി സ്റ്റേഷനുകളിൽ റജിസ്റ്റർ ചെയ്‌ത പത്മ, റോസ്‌ലി തിരോധാന കേസുകളിൽ ഒരുമിച്ചാണ് അന്വേഷണം തുടരുന്നത്.