എറണാകുളം: ശമ്പള വിതരണത്തിന് 50 കോടി രൂപ അടിയന്തരമായി സർക്കാർ കെഎസ്‌ആർടിസിക്ക് കൈമാറണമെന്ന് ഹൈക്കോടതി ഉത്തരവ്. ഈ തുക ഉപയോഗിച്ച് ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളത്തിന്‍റെ മൂന്നിലൊന്ന് നൽകണം. ബാക്കി കുടിശ്ശികയ്‌ക്ക് പകരം വൗച്ചറുകളും കൂപ്പണുകളും നൽകണം. കൂപ്പണുകളും വൗച്ചറുകളും സ്വീകരിക്കാത്ത ജീവനക്കാരുടെ ബാക്കിയുള്ള ശമ്പളം കുടിശ്ശികയായി നിലനിർത്താനും കോടതി ഇടക്കാല ഉത്തരവിൽ പറഞ്ഞു.
കെഎസ്‌ആർടിസിക്ക് 103 കോടി രൂപ നൽകണമെന്ന സിംഗിൾ ബെഞ്ച് വിധിക്കെതിരെ സർക്കാർ നൽകിയ അപ്പീലിലാണ് ഹൈക്കോടതി നടപടി. കെഎസ്‌ആർടിസിക്ക് ശമ്പള വിതരണത്തിനായി 50 കോടി രൂപ നൽകാമെന്ന് സംസ്ഥാന സർക്കാർ ഇന്നലെ(01.09.2022) ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇത് കണക്കിലെടുത്താണ് പണവും കൂപ്പണുകളും ഈ മാസം 6നകം വിതരണം ചെയ്യാൻ കോടതി ഇടക്കാല ഉത്തരവിട്ടത്.
എന്നാൽ കൂപ്പണുകൾ ആവശ്യമില്ലെന്നായിരുന്നു തൊഴിലാളി യൂണിയനുകളുടെ നിലപാട്. സിവിൽ സപ്ലൈസ് കോർപ്പറേഷൻ, കൺസ്യൂമർ ഫെഡ്, ഹാൻടെക്‌സ് തുടങ്ങിയ സ്ഥാപനങ്ങളുടെ കൂപ്പണുകളാണ് നൽകേണ്ടത്.
Also read: കെഎസ്ആർടിസി ശമ്പള വിതരണം : 50 കോടി രൂപ ധനസഹായം നൽകാമെന്ന് സർക്കാർ കോടതിയിൽ