എറണാകുളം : കെഎസ്ആർടിസിയിൽ എല്ലാ മാസവും അഞ്ചാം തീയതിയ്‌ക്കകം ജീവനക്കാർക്ക് ശമ്പളം നൽകണമെന്നും, ഇക്കാര്യത്തിൽ വിട്ടുവീഴ്ച്ച പാടില്ലെന്നും ഹൈക്കോടതി. ഇക്കാര്യത്തിൽ എന്ത് നടപടി സ്വീകരിക്കുമെന്നറിയിക്കാൻ സർക്കാരിന് ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ നിർദേശം നൽകി. ശമ്പളം കൃത്യമായി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കെഎസ്‌ആർടിസി ജീവനക്കാർ നൽകിയ ഹർജിയിലാണ് നടപടി.
പ്രതിമാസം 192 കോടി രൂപയുടെ വരുമാനം കെഎസ്‌ആർടിസിക്കുണ്ട്. ഇതിൽ നിന്ന് ശമ്പളത്തിനും ഡീസലിനുമുള്ള തുക കണ്ടെത്താനാകില്ലേയെന്നും ഹർജി പരിഗണിക്കെ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു. ബാധ്യതകൾ തീർക്കുന്നതിനല്ല മറിച്ച് ജീവനക്കാർക്ക് ശമ്പളം നൽകുന്നതിനാകണം കെഎസ്ആർടിസി പ്രഥമ പരിഗണന നൽകേണ്ടത്.
സാധാരണ ജീവനക്കാരുടെ കണ്ണീർ കണ്ടില്ലെന്ന് നടിക്കാനാകില്ല. ഈ മാസത്തെ വരുമാനം ജൂലൈയിലേക്കുള്ള ശമ്പള വിതരണത്തിനായി ഉപയോഗിക്കണം. മാത്രവുമല്ല നിലവിലെ വായ്‌പാ ബാധ്യതകൾ തീർക്കുന്നതിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്ന് കുടിശ്ശിക സംബന്ധിച്ചും കൃത്യമായി ഓഡിറ്റ് നടത്തുന്നതിലും തീരുമാനം എടുക്കണമെന്നും കോടതി വ്യക്തമാക്കി.
നിലവിൽ കെഎസ്ആർടിസി നൽകിയ സത്യവാങ്മൂലം പ്രകാരം 12,100 കോടി രൂപയുടെ വായ്പ കുടിശ്ശിക കോർപ്പറേഷനുണ്ട്. ഇതിൽ 3500 കോടി രൂപ ബാങ്കുകൾക്ക് കൺസോർഷ്യം ഇനത്തിൽ നൽകാനുള്ളതാണ്. ലഭിക്കുന്ന വരുമാനം മുഴുവൻ ബാങ്കുകളിലേക്ക് തിരിച്ചടവായി പോകുന്നതിനാൽ ഈ ബാധ്യത ഏറ്റെടുക്കുന്ന കാര്യം സർക്കാർ ആലോചിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. ഹർജി അടുത്ത മാസം വീണ്ടും പരിഗണിക്കും.