എറണാകുളം: കണ്ണൂര്‍ സര്‍വകലാശാലയില്‍ വൈസ് ചാന്‍സലറായി ഡോ. ഗോപിനാഥ് രവീന്ദ്രന് തുടരാം. വിസി പുനര്‍നിയമനം ചോദ്യം ചെയ്‌തുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് അമിത് റാവലിന്‍റേതാണ് ഉത്തരവ്. ഹര്‍ജിക്കാര്‍ വിധിക്കെതിരെ അടുത്ത ദിവസം ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കും.
ഡോ. ഗോപിനാഥ് രവീന്ദ്രൻ്റെ പുനർനിയമനത്തിൽ അപാകതയില്ലന്ന് വിലയിരുത്തിയാണ് ഹൈക്കോടതി നടപടി. നിയമനം ചോദ്യം ചെയ്‌ത് സമർപ്പിച്ച ഹർജി സ്വീകരിക്കണമോയെന്ന കാര്യത്തിൽ കോടതി പ്രാഥമിക വാദം കേട്ടിരുന്നു. വിസിയെ നീക്കാൻ നിർദേശിക്കണമെന്നാവശ്യപ്പെട്ട് യൂണിവേഴ്‌സിറ്റി സെനറ്റ് അംഗം ഡോ പ്രേമചന്ദ്രൻ കീഴോത്ത്, അക്കാദമിക് കൗൺസിൽ അംഗം ഷിനോ പി ജോസ് എന്നിവരാണ് കോടതിയെ സമീപിച്ചത്.
ഇതിനിടെ ഗവർണര്‍ സർക്കാരിന് അയച്ച കത്ത് ഹാജരാക്കാൻ അനുവദിക്കണമെന്ന് ഹർജി ഭാഗം കോടതിയിൽ ഉപഹർജി സമർപ്പിച്ചിരുന്നു. എന്നാൽ കോടതി ഇത് സ്വീകരിച്ചിരുന്നില്ല. ഹർജി നിലനിൽക്കില്ലെന്നും പൊതുതാല്‍പര്യ ഹർജിയായാണ് പരിഗണിക്കേണ്ടതെന്നും സർക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. പുതിയ നിയമനമല്ല പുനർനിയമനമാണ് നടന്നതെന്നും സർക്കാര്‍ വ്യക്തമാക്കിയിരുന്നു. സർക്കാർ വാദം അംഗീകരിച്ചാണ് കോടതി ഹർജി തള്ളിയത്.