എറണാകുളം : രാജ്യദ്രോഹക്കേസിൽ ലക്ഷദ്വീപിലെ ചലച്ചിത്ര പ്രവർത്തക ഐഷ സുൽത്താനയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ലക്ഷദ്വീപ് ഭരണകൂടത്തിന്‍റെ വിശദീകരണം തേടി.
തനിക്കെതിരെ രാജ്യദ്രോഹക്കേസ് നിലനിൽക്കില്ലെന്നാണ് ഐഷ സുൽത്താനയുടെ പ്രധാന വാദം. തന്‍റെ പരാമർശങ്ങൾ തെറ്റായി വ്യാഖ്യാനിച്ചാണ് പൊലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തിയിരിക്കുന്നത്.
ചാനൽ ചർച്ചയിൽ നടത്തിയ പരാമർശങ്ങൾ ബോധപൂർവം ആയിരുന്നില്ല. പരാമർശങ്ങൾ വിവാദമായതിനെത്തുടർന്ന് സമൂഹമാധ്യമങ്ങളിലൂടെ മാപ്പ് പറഞ്ഞതായും ഐഷ സുൽത്താനയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വ്യക്തമാക്കുന്നു.
also read: ജനവിരുദ്ധതയാണ് രാജ്യദ്രോഹം ; ഐഷ സുല്‍ത്താനയ്‌ക്ക് പിന്തുണയുമായി സ്‌പീക്കർ
കവരത്തി സ്റ്റേഷനിൽ ഹാജരാകാൻ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. തനിക്ക് ക്രിമിനൽ നടപടി ചട്ടം 41 (എ ) പ്രകാരം നോട്ടിസ് കിട്ടി എന്നും ഞായറാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുകയാണെന്നും ഐഷ കോടതിയെ അറിയിച്ചു.
കവരത്തിയിൽ എത്തിയാൽ അറസ്റ്റ് ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നും ഈ സാഹചര്യത്തിൽ മുൻകൂർ ജാമ്യം നൽകണമെന്നുമാണ് ആവശ്യം. കേസ് പരിഗണിക്കുന്നത് ഹൈക്കോടതി വ്യാഴാഴ്ചയിലേക്ക് മാറ്റി. കേസിൽ കക്ഷി ചേരാൻ വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകൻ പ്രതീഷ് വിശ്വനാഥനും ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്.
അഡ്മിനിസ്ട്രേറ്റർ പ്രഫുൽ.കെ. പട്ടേലിനെ ജൈവായുധം എന്ന് വിശേഷിപ്പിച്ചതിന്‍റെ പേരിലാണ് ഐഷ സുൽത്താനയ്‌ക്കെതിരെ കവരത്തി പൊലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തിരിക്കുന്നത്. കൊച്ചിയിലെ മുതിർന്ന അഭിഭാഷകൻ പി വിജയഭാനു മുഖേനയാണ് ഐഷ സുൽത്താന ജാമ്യാപേക്ഷ സമർപ്പിച്ചത്.