എറണാകുളം: കാഴ്‌ച പരിമിതിയെ ആത്മവിശ്വാസത്തോടെ നേരിട്ട് ഇക്കഴിഞ്ഞ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ഭിന്നശേഷി വിഭാഗത്തിൽ ഒന്നാം റാങ്ക് സ്വന്തമാക്കിയ കലൂര്‍ സ്വദേശി ഹന്ന ആലീസ് സൈമൺ ഇനി പഠിക്കുക അമേരിക്കയില്‍. അമേരിക്കയിലെ നോട്ടര്‍ഡാം സര്‍വകലാശാലയില്‍ സ്‌കോളര്‍ഷിപ്പോടെയാണ് സൈക്കോളജി ബിരുദ പഠനത്തിനായി ഹന്ന തെരെഞ്ഞെടുക്കപ്പെട്ടത്. ഓഗസ്റ്റ് ഒമ്പതിന് മാതാപിതാക്കൾക്കൊപ്പം അമേരിക്കയിലേക്ക് പറക്കാന്‍ ഒരുങ്ങുകയാണ് ഹന്ന.
നേത്രഗോളങ്ങളുടെ വളര്‍ച്ചക്കുറവ് മൂലമുണ്ടാകുന്ന മൈക്രോഫ്‌താല്‍മിയ എന്ന അവസ്ഥയാണ് ഹന്നയ്ക്ക്. നൂറ് ശതമാനം കാഴ്‌ച പരിമിതിയുള്ള ഹന്ന ഹ്യൂമാനിറ്റീസ് വിഭാഗത്തിൽ 500ല്‍ 496 മാർക്ക് നേടിയാണ് സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ഭിന്നശേഷി വിഭാഗത്തിൽ ഒന്നാം റാങ്ക് നേടിയത്. കാക്കനാട് രാജഗിരി ക്രിസ്‌തുജയന്തി പബ്ലിക് സ്‌കൂളില്‍ നിന്നാണ് ഹന്ന പ്ലസ്‌ടു പഠനം പൂർത്തിയാക്കിയത്.
അവഹേളനങ്ങള്‍ നേരിട്ടു: 500ല്‍ 496 മാർക്ക് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഹന്ന പറയുന്നു. ഒന്നാം റാങ്ക് എന്നത് പരിഗണന വിഷയമായിരുന്നില്ല, ഭിന്നശേഷി വിഭാഗത്തില്‍ ഒന്നാമത് എന്നതിനേക്കാള്‍ 496 മാർക്ക് കിട്ടിയെന്നതായിരുന്നു സന്തോഷമെന്നും ഹന്ന പറയുന്നു. മകളുടെ ഭാവിയെ കുറിച്ച് ഓർത്ത് ആശങ്കപ്പെട്ട മാതാപിതാക്കൾക്ക് ഹന്ന ഇന്ന് അഭിമാനമാണ്.
ഒട്ടേറെ വെല്ലുവിളികള്‍ മറികടന്നാണ് ഹന്നയുടെ നേട്ടം. ചെറിയ ക്ലാസില്‍ പഠിക്കുമ്പോള്‍ സഹപാഠികളുടെയും ചില അധ്യാപകരുടേയും അവഹേളനകള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. എന്തിന് ഇത്തരമൊരു കുട്ടിയെ പഠിപ്പിക്കണമെന്ന് ഹന്നയുടെ മാതാപിതാക്കളോട് ചോദിച്ച അധ്യാപകരും സ്വന്തം മകളെ പോലെ ഹന്നയെ ശ്രദ്ധിക്കുമെന്ന് മാതാപിതാക്കള്‍ക്ക് ഉറപ്പ് നൽകിയ അധ്യാപകരുമുണ്ടായിരുന്നു.
ഭിന്നശേഷിക്കാരായ കുട്ടികൾ പഠിക്കുന്ന സ്‌കൂളിലല്ല ഹന്ന പഠിച്ചത്. മറ്റ് കുട്ടികൾക്ക് നൽകുന്നതിനേക്കാൾ കൂടുതൽ പരിഗണന തനിക്ക് നൽകുന്നതിനോടും ഹന്നയ്ക്ക് യോജിപ്പില്ല. മറ്റുള്ളവരെ പോലെ തനിക്കും എല്ലാം സാധ്യമാണെന്നാണ് ഹന്ന വിശ്വസിക്കുന്നത്.
മാതാപിതാക്കളുടെ പിന്തുണ: നോക്കി വായിക്കാൻ കഴിയാത്തതിനാൽ കംമ്പ്യൂട്ടർ സഹായത്തോടെ പുസ്‌തകങ്ങങ്ങൾ വായിച്ച് കേൾക്കുകയാണ് ചെയ്യുന്നത്, എഴുതുന്നതും കമ്പ്യൂട്ടർ സഹായത്തോടെയാണ്. പഠിക്കാന്‍ ഏറെ ബുദ്ധിമുട്ട് നേരിട്ട വിഷയം ഗണിതമാണ്. ജോമെട്രി ഉള്‍പ്പെടെയുള്ള പാഠഭാഗങ്ങള്‍ പഠിച്ചെടുക്കുന്നത് ശ്രമകരമായിരുന്നുവെന്നും ഹന്ന പറയുന്നു.
അഞ്ചാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെ ബ്രെയിൽ ലിപിയാണ് ഉപയോഗിച്ചിരുന്നത്. അധ്യാപിക കൂടിയായ അമ്മ ലിജ ഇതിനായി ബ്രെയിൽ ലിപി പഠിച്ചു. ഇന്ന് ആധുനിക സാങ്കേതിക വിദ്യയുടെ അനന്തസാധ്യതകൾ ഉപയോഗപ്പെടുത്തിയാണ് ഹന്ന തന്‍റെ വായനയും പഠനവും മുന്നോട്ട് കൊണ്ടുപോകുന്നത്.
അച്ഛന്‍ സൈമണ്‍ പറഞ്ഞ് തന്ന കഥകളാണ് വായനയിലേക്ക് തിരിയാൻ പ്രചോദനമായത്. ലോക്‌ഡൗൺ കാലത്ത് ഹന്ന 6 ചെറുകഥകള്‍ എഴുതിയിരുന്നു. 'വെൽക്കം ഹോം' എന്ന ആദ്യ പുസ്‌തകം ജൂലൈ 15നാണ് പുറത്തിറങ്ങിയത്. സൈക്കോളജിസ്റ്റ് ആകണമെന്നാണ് ഹന്നയുടെ ആഗ്രഹം. ഒപ്പം സംഗീതവും എഴുത്തും മുന്നോട്ട് കൊണ്ടുപോകുമെന്നും ഹന്ന പറയുന്നു.
Also read: വിവിധ പരീക്ഷകളില്‍ നേട്ടം കൈവരിച്ച് തിരുവനന്തപുരം സ്വദേശികള്‍; ജില്ലയ്‌ക്ക് ഇത് അഭിമാന നിമിഷം