കൊച്ചി: കേരളം നേരിട്ട മഹാപ്രളയം മനുഷ്യനിർമ്മിതമാണന്ന അമിക്കസ് ക്യൂറി റിപ്പോർട്ട് തള്ളി സംസ്ഥാന സർക്കാർ. സർക്കാരിന്‍റെ ഡാം മാനേജ്മെന്‍റ് മികവിനെക്കുറിച്ചുള്ള അവകാശവാദങ്ങൾക്ക് കനത്ത തിരിച്ചടിയായിരുന്നു അമിക്കസ് ക്യൂറി റിപ്പോർട്ടിലെ കണ്ടെത്തലുകൾ.
ഡാം മാനേജ്മെന്‍റിൽ വീഴ്ച സംഭവിച്ചു, കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വിഭാഗം നൽകിയ മുന്നറിയിപ്പുകൾ അവഗണിച്ചു, സംസ്ഥാന സർക്കാറിന് വീഴ്ചകൾ സംഭവിച്ചു, പ്രളയകാരണത്തെ കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണം' തുടങ്ങിയവയായിരുന്നു അമിക്കസ്ക്യൂറി റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ.
എന്നാൽ, അശാസ്ത്രീയ പഠനങ്ങളെ അടിസ്ഥാനമാക്കിയാണ് അമിക്കസ് ക്യൂറി റിപ്പോർട്ട് തയ്യാറാക്കിയതെന്നാണ് സംസ്ഥാന സർക്കാരിന്‍റെ വാദം. പ്രളയകാരണം അതിവർഷം തന്നെയാണെന്ന് ഹൈക്കോടതിയിൽ സർക്കാർ നൽകിയ സത്യവാങ് മൂലത്തിൽ പറയുന്നു. ജുഡീഷ്യല്‍ അന്വേഷണം ആവശ്യമില്ല, കേന്ദ്ര ജലക്കമ്മീഷൻ ഇക്കാര്യം ശരിവച്ചതാണ്, സംസ്ഥാന സർക്കാർ വ്യക്തമാക്കി.
കനത്തമഴയാണ് പ്രളയത്തിന്‍റെ പ്രധാനകാരണമായതെന്ന് കേന്ദ്ര ജലക്കമ്മീഷൻ പറയുന്നുണ്ടെങ്കിലും അണക്കെട്ടുകളുടെ നടത്തിപ്പിലെ പോരായ്മകൾ കമ്മീഷൻ ചൂണ്ടികാട്ടിയിരുന്നു.