എറണാകുളം : ആലുവയിൽ ഗാർഹിക പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്‌ത നിയമ വിദ്യാർഥി മോഫിയ പർവീണിന്‍റെ വീട് സന്ദര്‍ശിച്ച് ഗവര്‍ണര്‍. മോഫിയയുടെ മാതാപിതാക്കളുമായി ആരിഫ് മുഹമ്മദ് ഖാന്‍ ആശയവിനിമയം നടത്തി. മകളെ നഷ്ട്ടപ്പെട്ട ദുഖം വൈകാരികമായി പ്രകടിപ്പിച്ച മോഫിയയുടെ ഉമ്മയെ ഗവർണർ ചേർത്തുപിടിച്ച് ആശ്വസിപ്പിച്ചു.
മോഫിയയുടെ മരണം ദുഖകരമായ സംഭവമാണെന്ന് ഗവർണർ പറഞ്ഞു. സ്ത്രീധനത്തിനെതിരെ ജനങ്ങളിൽ അവബോധം സൃഷ്‌ടിക്കണം. സ്ത്രീധനമെന്ന രീതി ഇല്ലാതാക്കണം. സ്ത്രീ സുരക്ഷയ്ക്കായി പതിനെട്ട് നിയമങ്ങൾ നിലവിലുണ്ട്. എന്നിട്ടും ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടുകയാണെന്നും ഗവർണർ ചൂണ്ടിക്കാട്ടി.
കേരളത്തിലേത് രാജ്യത്തെ മികച്ച പൊലീസ് സംവിധാനം
രാജ്യത്തെ ഏറ്റവും നല്ല പൊലീസ് സംവിധാനമാണ് കേരളത്തിലുള്ളത്. എന്നാൽ ചിലയിടങ്ങളിൽ ആലുവയിലേതുപോലെയുള്ള സംഭവങ്ങൾ ഉണ്ടാകുന്നുവെന്നും ഗവർണർ പറഞ്ഞു.
സ്ത്രീധനത്തിനെതിരെ ബോധവത്കരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നേരത്തെ രംഗത്തിറങ്ങിയിരുന്നു. സര്‍വകലാശാലകളില്‍ ബിരുദം സ്വീകരിക്കുന്നതിന് മുമ്പ് സ്ത്രീധനം വാങ്ങില്ലെന്ന സത്യവാങ്മൂലം നൽകണമെന്ന തീരുമാനം നടപ്പിലാക്കിയതും ഗവർണറായിരുന്നു.
നേരത്തേ വിസ്‌മയയുടെ വീട് സന്ദർശിച്ചതും ഉപവാസ സമരം സംഘടിപ്പിച്ചതും ഗവർണറുടെ സ്ത്രീധനത്തിനെതിരെയുള്ള നിലപാട് വ്യക്തമാക്കുന്നതായിരുന്നു.