എറണാകുളം: കൊച്ചിയിലെ പ്രളയഫണ്ട് തട്ടിപ്പ് കേസില്‍ അന്വേഷണം പുരോഗമിക്കുന്നത് സി.പി.എം തിരക്കഥയനുസരിച്ചെന്ന് കോൺഗ്രസ്. നിലവിൽ നടക്കുന്ന അന്വേഷണം തൃപ്തികരമെല്ലന്ന് കോൺഗ്രസ് ജനപ്രതിനിധികളായ വി.ഡി.സതീശൻ എം.എൽ എ, ഹൈബി ഈഡൻ എം.പി, ടി.ജെ വിനോദ് എം.എൽ.എ എന്നിവർ കൊച്ചിയിൽ നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. കേസന്വേഷണം അട്ടിമറിക്കുകയാണ്. പ്രളയ ഫണ്ട് തട്ടിപ്പിലെ സി.പി.എം ജില്ലാ നേതാക്കളുടെ പങ്ക് പുറത്ത് വരാതിരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും വി.ഡി.സതീശൻ എം.എൽ.എ ആരോപിച്ചു.
കേസിൽ തെളിവായ രേഖകൾ അപ്രത്യക്ഷമായതിന് പിന്നിൽ ഗൂഡാലോചനയുണ്ട്. വ്യാജരേഖയിൽ ഒപ്പിട്ട സുപ്രണ്ടിനെതിരെ ഇതുവരെ നടപടിയെടുത്തിട്ടില്ല. സി.പി.എമ്മും, സി.പി.ഐയും പ്രതികളായ സ്വന്തം പാർട്ടിക്കാരെ രക്ഷപെടുത്താനുള്ള ശ്രമമാണ് നടത്തുന്നത്. ജില്ലാ ഭരണകൂടത്തെയും അന്വേഷണ സംഘത്തെയും സി.പി.എം ജില്ലാ നേതൃത്വം കൂച്ച് വിലങ്ങിട്ടിരിക്കുകയാണെന്നും വി.ഡി.സതീശൻ എം.എൽ.എ കുറ്റപ്പെടുത്തി.
ക്രൈംബ്രാഞ്ച് അന്വേഷണം മാത്രം പോരെന്നും സൈബർ വിങ്ങ്, ഫൊറൻസിക്ക് തുടങ്ങിയ മറ്റു വിഭാഗങ്ങളെയും ഉൾപ്പെടുത്തി വിശദമായ അന്വേഷണം നടത്തണമെന്നും കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു. പ്രളയ ഫണ്ട് തട്ടിപ്പ് കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നതിനെതിരെ ഈ മാസം 29ന് ജില്ലയിലെ കോൺഗ്രസ് ജനപ്രതിനിധികൾ കലക്ട്രേറ്റിന് മുന്നിൽ പ്രതിഷേധ സമരം സംലടിപ്പിക്കുമെന്നും ഡി.സി.സി പ്രസിഡന്‍റ് ടി.ജെ.വിനോദ് എം.എൽ.എ അറിയിച്ചു.