കൊച്ചി: മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിക്കുന്നതിനുള്ള നടപടിക്രമങ്ങൾ നഗരസഭ ഇന്നാരംഭിക്കും. ഫ്ലാറ്റുകൾ പൊളിക്കുന്നതിന് സാങ്കേതിക ഉപദേഷ്ടാവായി സർക്കാർ നിയമിച്ച ശരത് ബി. സർവതെ ഇന്ന് ഫ്ലാറ്റ് സമുച്ചയങ്ങൾ സന്ദർശിക്കും. ഫ്ലാറ്റുകൾ പൊളിച്ചു നീക്കുന്നതിന് മേൽനോട്ടം വഹിക്കുന്നതിനും പൊളിക്കാനുള്ള കമ്പനികളെ കണ്ടെത്തുന്നതിനുമാണ് ഉപദേശകനായി ഇദ്ദേഹത്തെ സർക്കാർ നിയോഗിച്ചിരിക്കുന്നത്.
സുപ്രീംകോടതി പൊളിക്കാൻ നിർദ്ദേശിച്ചിട്ടുള്ള നാല് ഫ്ലാറ്റ് സമുച്ചയങ്ങളും സര്‍വതെ സന്ദര്‍ശിക്കും. തുടര്‍ന്ന് പൊളിക്കുന്നതിന് പരിഗണിക്കുന്ന കമ്പനികളുടെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും. ഇതിനു ശേഷമായിരിക്കും പൊളിക്കാനുള്ള കമ്പനികളെ തെരഞ്ഞെടുക്കുന്നത്.
അതേസമയം ഫ്ലാറ്റ് നിർമ്മാതാക്കൾക്കെതിരെയുളള കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ഇന്ന് കൂടുതൽ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തേക്കും. 2006- 2008 കാലയളവിലെ മരട് പഞ്ചായത്തിലെ സെക്രട്ടറിയുടെയും ജൂനിയർ സൂപ്രണ്ടിന്റെയും മുൻ സെക്രട്ടറി മുഹമ്മദ് അഷ്റഫിന്റെയും മൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയിരുന്നു. അതിനിടെ ഫ്ലാറ്റ് ഉടമകൾക്ക് ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ മൂന്നംഗ സമിതി കൂടുതൽ സമയം അനുവദിച്ചിട്ടുണ്ട്. യഥാർഥ വില കാണിച്ച് ഉടമകൾ സത്യവാങ്മൂലം നൽകണം. ഫ്ലാറ്റ് ഉടമകളുടെ നഷ്ടപരിഹാരം തീരുമാനിക്കുന്നതിനുള്ള മൂന്നംഗ സമിതിയുടെ ആദ്യ യോഗത്തിലാണ് ഈ തീരുമാനം. ജസ്റ്റിസ് കെ. ബാലകൃഷ്‌ണന്‍ നായരുടെ നേതൃത്വത്തിൽ കൊച്ചിയിൽ നടന്ന യോഗത്തിൽ സമിതി അംഗങ്ങളായ മുൻ ചീഫ് സെക്രട്ടറി ജോസ് സിറിയക്, തിരുവനന്തപുരം കെ.എസ്.ആർ.എയിലെ എഞ്ചിനീയര്‍ ആർ. മുരുകേശൻ എന്നിവരും പങ്കെടുത്തു. പതിനാലാം തീയതിയാണ് സമിതിയുടെ അടുത്ത സിറ്റിങ്.